വിയന്നയിൽ 2020ലെ അഞ്ചാം കിരീടം ഉയർത്തി ആന്ദ്ര റൂബ്ലേവ്

വിയന്ന എ. ടി. പി ഇൻഡോർ 500 മസ്റ്റേഴ്സിൽ കിരീടം ഉയർത്തി അഞ്ചാം സീഡും റഷ്യൻ യുവ താരവും ആയ ആന്ദ്ര റൂബ്ലേവ്. വമ്പൻ അട്ടിമറികളും ആയി ഫൈനലിൽ എത്തിയ ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് റൂബ്ലേവ് 2020 തിലെ തന്റെ സ്വപ്നകുതിപ്പ് തുടർന്നത്. ഏതാണ്ട് ഒന്നരമണിക്കൂർ മാത്രം നീണ്ടു നിന്ന ഫൈനലിൽ ഓരോ സെറ്റിലും നിർണായക ബ്രൈക്ക് കണ്ടത്തിയ റഷ്യൻ താരം 6-4, 6-4 എന്ന സ്കോറിന് ആണ് ഫൈനലിൽ ജയം കണ്ടത്.

2020 തിൽ അഞ്ചാം കിരീടം ഉയർത്തിയ റൂബ്ലേവ് 500 മാസ്റ്റേഴ്സിൽ ഇത് തുടർച്ചയായ മൂന്നാം കിരീടം ആണ് നേടുന്നത്. വിയന്നയിൽ തന്റെ ആദ്യ കിരീടം ഉയർത്തിയ റഷ്യൻ യുവതാരം ഈ സീസണിൽ ലോക ഒന്നാം നമ്പർ ആയ ജ്യോക്കോവിച്ച് കഴിഞ്ഞാൽ ഏറ്റവും അധികം നേട്ടങ്ങൾ കൈവരിച്ച താരം കൂടിയാണ്. തോൽവി വഴങ്ങിയെങ്കിലും തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ടെന്നീസ് കളിച്ച ആത്മവിശ്വാസത്തോടെ തല ഉയർത്തിയാണ് സൊനെഗോ കളം വിട്ടത്.

Exit mobile version