ആദ്യം റോയ്, പിന്നെ ബട്‍ലര്‍, ഒടുവില്‍ വോക്സും പ്ലങ്കറ്റും, റണ്‍ മലയൊരുക്കി ഇംഗ്ലണ്ട്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ സോഫിയ ഗാര്‍ഡന്‍സില്‍ 386 റണ്‍സ് നേടി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകവും തകര്‍പ്പനടികളിലൂടെ ജോസ് ബട്‍ലര്‍ നേടിയ അര്‍ദ്ധ ശതകവും ജോണി ബൈര്‍സ്റ്റോയുടെ അര്‍ദ്ധ ശതകവുമാണ് ഇംഗ്ലണ്ടിനെ ഈ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഏഴാം വിക്കറ്റില്‍ ക്രിസ് വോക്സ്-ലിയാം പ്ലങ്കറ്റ് കൂട്ടുകെട്ടും അടിച്ച് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനു വലിയ സ്കോറിലേക്ക് നീങ്ങുവാനായി.

ഒന്നാം വിക്കറ്റില്‍ 128 റണ്‍സാണ് ബൈര്‍സ്റ്റോയും(51) ജേസണ്‍ റോയിയും ചേര്‍ന്ന് നേടിയത്. ജോണി ബൈര്‍സ്റ്റോയെ മൊര്‍തസ പുറത്താക്കിയപ്പോള്‍ പകരം ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ ശതകം നേടിയ ജോ റൂട്ട് ആയിരുന്നു. എന്നാല്‍ 21 റണ്‍സ് നേടിയ റൂട്ടിനെ സൈഫുദ്ദീന്‍ പുറത്താക്കിയപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച് ജോസ് ബട്‍ലര്‍ ക്രീസിലെത്തി. രണ്ടാം വിക്കറ്റില്‍ 77 റണ്‍സും മൂന്നാം വിക്കറ്റില്‍ 30 റണ്‍സും നേടിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയിയെ(153) നഷ്ടമാകുമ്പോള്‍ സ്കോര്‍ 34.4 ഓവറില്‍ 235/3 എന്നായിരുന്നു. 121 പന്തില്‍ നിന്നായിരുന്നു റോയിയുടെ വെടിക്കെട്ട് പ്രകടനം.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ജോസ് ബട്‍ലര്‍-ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ട് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. ബംഗ്ലാദേശ് ബൗളര്‍മാരെ ഇരുവരും ചേര്‍ന്ന് കടന്നാക്രമിച്ചപ്പോള്‍ ഇംഗ്ലണ്ട് 300 റണ്‍സും കടന്ന് മുന്നോട്ട് പോയി. 95 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് തകര്‍ത്തത് ജോസ് ബട്‍ലറെ(64) പുറത്താക്കിയ മുഹമ്മദ് സൈഫുദ്ദീന്‍ ആയിരുന്നു. 44 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ 4 ഫോറും 2 സിക്സുമാണ് നേടിയത്.

അധികം വൈകാതെ ഓയിന്‍ മോര്‍ഗനെ(35) പുറത്താക്കി മെഹ്ദി ഹസന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. ജോസ് ബട്‍ലര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ വേഗത കൈമോശം വരികയായിരുന്നു. അടുത്ത ഓവറില്‍ ബെന്‍ സ്റ്റോക്സിനെ മുസ്തഫിസുര്‍ പുറത്താക്കിയെങ്കിലും ക്രിസ് വോക്സിന്റെ വലിയ അടികള്‍ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു.

അവസാന രണ്ടോവറില്‍ ലിയാം പ്ലങ്കറ്റും അടിച്ച് തകര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക് നീങ്ങി. ക്രിസ് വോക്സ് 8 പന്തില്‍ നിന്ന് 18 റണ്‍സും ലിയാം പ്ലങ്കറ്റ് 9 പന്തില്‍ നിന്ന് 27 റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസനും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വീതം വിക്കറ്റ് നേടി. ഏഴാം വിക്കറ്റില്‍ . 17 പന്തില്‍ നിന്ന് 45 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.