റൊണാൾഡോയ്ക്ക് ഇനി യൂറോപ്പിൽ പകരക്കാരില്ല

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനി യൂറോപ്പിൽ പകരക്കാരില്ല‌. ഇന്ന് മൊറോക്കോയ്ക്ക് എതിരെ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ അടിച്ച ക്രിസ്റ്റ്യാനോ യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾസ്കോറർ ആയി. മൗട്ടീനോയിടെ കോർണറിൽ നിന്ന് നേടിയ ഹെഡർ ഗോൾ റൊണാൾഡോയുടെ ഇന്റർനാഷണൽ കരിയറിലെ 85ആം ഗോളായിരുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന സാക്ഷാൽ പുസ്കാസിന്റെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

ഹംഗറിയുടെ ഇതിഹാസ താരത്തിന് 84 ഗോളുകളായിരുന്നു ഉള്ളത്. 151 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോയുടെ ഈ നേട്ടം. ഇപ്പോൾ കളിക്കുന്നവരിൽ റൊണാൾഡോയ്ക്കാണ് ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ ഉള്ളത്. 64 ഗോളുകൾ വീതമുള്ള സുനിൽ ഛേത്രിയും മെസ്സിയുമാണ് റൊണാൾഡോയ്ക്ക് പിറകിൽ ഉള്ളത്. ഇപ്പോൾ ഇന്റർനാഷണൽ ഗോളുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ റൊണാൾഡോയ്ക്ക് മുന്നിൽ ഇനി ആകെ ഉള്ളത് ഇറാൻ ഇതിഹാസം അലി ദെയാണ്. അലി 109 ഗോളുകളാണ് ഇറാനായി നേടിയിട്ടുള്ളത്.

ഇന്നത്തെ ഗോളോടെ ഈ ലോകകപ്പിലെ ടോപ്പ് സ്കോററുമായി റൊണാൾഡോ. 4 ഗോളുകൾ ഇതുവരെ നേടിയ ക്രിസ്റ്റ്യാനോ റഷ്യയുടെ ചെറിഷേഫിനെയാണ് മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement