റൊമേരോ ഒരു ചെറിയ നഷ്ടമല്ല അർജന്റീന!!

- Advertisement -

രാജ്യാന്തര ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ അർജന്റീനയുടെ നോക്കൗട്ട് സാധ്യതകൾ വിദൂരത്താക്കിയത് ഇന്നത്തെ ഒരൊറ്റയൊരു പിഴവായിരുന്നു. കബയേറോ എന്ന ഗോൾ കീപ്പറിന്റെ വലിയ പിഴവ്. അർജന്റീനയുടെ ടീം ലോകകപ്പിന് വിമാനം കയറിയപ്പോൾ പ്രധാനം അഭാവം ഇക്കാർഡിയോ ലമേലയോ ഒന്നുമായിരുന്നില്ല. അത് ലോകകപ്പിന് ദിവസങ്ങൾക്ക് മുമ്പ് മാത്രം പരിക്കേറ്റ സെർജി റൊമേരോ ആയിരുന്നു.

ക്ലബ് ലെവലിൽ കബയേറോ ചെൽസിയുടെ രണ്ടാം ഗോൾ കീപ്പറും റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾകീപ്പറുമാണ്. പക്ഷെ റൊമേരോയും കബയേറയും തമ്മിലുള്ള വിടവ് വലുതായിരുന്നു. വളരെ വലുത്. ബ്രസീലിയൻ ലോകകപ്പിൽ അർജന്റീനയുടെ ഫൈനൽ വരെയുള്ള കുതിപ്പ് മെസ്സിയുടെ തോളിലേറിയാണെന്ന് പറയുമെങ്കിലും കഴിഞ്ഞ ലോകകപ്പിലെ അർജന്റീനയുടെ മികച്ച മൂന്ന് താരങ്ങളിൽ ഒന്നായിരുന്നു റൊമേരോ.

കഴിഞ്ഞ ലോകകപ്പിൽ നോക്കൗട്ട് മുതൽ അങ്ങോട്ട് ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഗോട്സെയുടെ വിജയ ഗോൾ വരുന്നത് വരെ ഒരു ഗോൾ പോലും റൊമേരോ വഴങ്ങിയിരുന്നില്ല. ഹോളണ്ടിനെതിരായ സെമിയും ആരും മറക്കുന്നുണ്ടാകില്ല. അത് റൊമേരോ ഒറ്റയ്ക്ക് ജയിപ്പിച്ച മത്സരമായിരുന്നു. കളിയിലുടനീളവും പിന്നെ പെനാൾട്ടിയിലും റൊമേരോ തന്നെ താരം. രണ്ട് പെനാൾട്ടി സേവുകളാണ് അന്ന് ഷൂട്ടൗട്ടിൽ റൊമേരോ നടത്തിയത്.

4 ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ റൊമേരോ വെറും 4 ഗോളുകൾ മാത്രമാണ് ആ ലോകകപ്പിൽ ആകെ വഴങ്ങിയത്. അതിൽ ഒന്ന് സെൽഫ് ഗോളും. റഷ്യയിൽ ഒരുപാട് പോരായ്മകൾ അർജന്റീനയ്ക്ക് ഉണ്ടെങ്കിലും അതിൽ പ്രധാനം ഗോൾപോസ്റ്റിന് കീഴിൽ റൊമേരോ ഇല്ലാ എന്നതാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement