റോഹോ!!! അർജന്റീനയെ രക്ഷിച്ച‌ റെഡ് ഡെവിൾ

- Advertisement -

അർജന്റീനയ്ക്ക് നാണക്കേടു മാത്രം എടുത്ത് റഷ്യ വിടേണ്ടി വരുമെന്ന് തോന്നിയ സമയത്താണ് റോഹോ അവതരിച്ചത്. 86ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ പിറന്ന ആ വോളി ഇല്ലായിരുന്നു എങ്കിൽ അർജന്റീന ജയമില്ലാതെ മടങ്ങുന്ന ആദ്യ ലോകകപ്പായി ഇത് മാറുമായിരുന്നു. എല്ലാം റോഹോയുടെ കഴിവ്. അല്ലായെങ്കിൽ ഓടമെൻഡിക്കൊപ്പം ഡിഫൻസീവ് ലൈൻ കീപ്പ് ചെയ്യേണ്ട റോഹോ ഇങ്ങ് അറ്റാക്കിംഗ് പെനാൾട്ടി ബോക്സിൽ ആ സമയത്ത് എത്തില്ലായിരുന്നു.

എന്താണ് റോഹോ പെനാൾട്ടി ബോക്സിൽ ചെയ്യുന്നത് എന്നാണ് കമന്ററി 86ആം മിനുട്ടിലെ റോഹോ സ്ട്രൈക്കിന് പിന്നാലെ ചോദിച്ചത്. ഇതേ റോഹോ ആയിരുന്നു കുറച്ച് സമയം മുമ്പ് അർജന്റീനയുടെ പെനാൾട്ടി ബോക്സിൽ അപകടകരമായ മൂസയുടെ ക്രോസ് ഹെഡ് ചെയ്ത് ടീമിനെ രക്ഷിച്ചതും. ഇതാണ് റോഹോ. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കണ്ടതാണ് റോഹോയുടെ മികവ്. കഴിഞ്ഞ മത്സരത്തിൽ സാമ്പോളി പുറത്തിരുത്തിയതിനുള്ള മറുപടി കൂടിയാകും റോഹോയുടെ ഇന്നത്തെ പ്രകടനം.

ഇന്നത്തെ ഗോളോടെ ഒന്നിലധികം ലോകകപ്പിൽ ഗോൾ നേടുന്ന രണ്ടാമത്തെ അർജന്റീനൻ ഡിഫൻഡർ എന്ന പട്ടവും റോഹോ സ്വന്തമാക്കി. ഇതിനു മുമ്പ് പസരേല മാത്രമാണ് അർജന്റീനയ്ക്കായി ആ‌ നോട്ടത്തിൽ എത്തിയിട്ടുള്ളൂ. മെസ്സിയിൽ നിന്നും ഗ്യാലറിയിൽ നിറഞ്ഞു നിന്ന മറഡോണയിൽ നിന്നുമെല്ലാം റോഹോ ഈ മത്സരത്തിന്റെ തലക്കെട്ടുകൾ കൊണ്ടുപോവുകയാണ്.

ഈ കഴിഞ്ഞ രണ്ട് വർഷങ്ങളായി പരിക്ക് കാരണം പലപ്പോഴും പുറത്തിരിക്കേണ്ടി വന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ടു കെട്ടുന്ന റോഹോ. ആ അവസാന രണ്ട് വർഷത്തെ വേദനകൾക്കൊക്കെ റോഹോ അർഹിച്ച ഒരു ആശ്വാസം കൂടിയാണ് ഈ സ്ട്രൈക്ക്. ഈ ലോകകപ്പിൽ അർജന്റീന എവിടെ എത്തിയാലും എവിടെ എത്തിയില്ലാ എങ്കിലും റോഹോയെ ഓർക്കാതെ റഷ്യയെ പറ്റി പറയാൻ ഇനി ഒരു അർജന്റീന ആരാധകർക്കും ആയേക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement