പ്രതീക്ഷകളൊക്കെ ബാക്കി, ബ്ലാസ്റ്റേഴ്സ് ഹൃദയം പോലും ജയിക്കാതെ റെനെ മടങ്ങി

newsdesk

Download the Fanport app now!
Appstore Badge
Google Play Badge 1

റെനെ മുളൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്താൻ പോകുന്നത് എന്നറിഞ്ഞപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആകെ ഒരുണർവുണ്ടായിരു‌ന്നു. അലക്സ് ഫെർഗൂസന്റെ ശിഷ്യനിൽ നിന്ന് പലതും ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചു. ചുരുങ്ങിയത് മികച്ച ബ്രാൻഡ് ഓഫ് ഫുട്ബോൾ എങ്കിലും.

റെനെ മുളൻസ്റ്റീൻ ആദ്യം മുതൽ ഉറപ്പു പറഞ്ഞതും അതായിരുന്നു. അറ്റാക്കിംഗ് ഫുട്ബോൾ, വൺ ടച്ച് ഫുട്ബോൾ ഒക്കെ ആകും തന്റെ ടീം കളിക്കുക. അതാണ് താൻ ആഗ്രഹിക്കുന്നത് എന്ന്. മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യമായി റെനെക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. താരങ്ങളുടെ പ്രായവും, ആരാധകരുടെ ഇഷ്ട താരങ്ങളായ വിദേശ താരങ്ങൾക്ക് അവസരം നൽകാത്തതും ആയിരുന്നു വിമർശന കാരണം.

പക്ഷെ ആ വിമർശനങ്ങൾ ഒക്കെ പെട്ടെന്ന് അടങ്ങി. സീസൺ തുടങ്ങും മുമ്പ് തന്നെ ബ്രൗണിന് പരിക്കേറ്റത് റെനെയ്ക്ക് വലിയ തിരിച്ചടിയായി എന്ന് പറയാം. ഒരുപക്ഷെ ബ്രൗണും ബെർബയും ഒന്നിച്ച് കളത്തിൽ ഇറങ്ങിയിരുന്നേൽ റെനെയുടെ തന്ത്രങ്ങൾക്ക് വേറെ ഫലങ്ങൾ കിട്ടിയേനെ. രണ്ടു പേരുടേയും പരിക്ക് അത് നടക്കാതിരിക്കാൻ കാരണമായി.

ഒരു ജയം മാത്രമെ ഉള്ളൂ എന്നതല്ല പരാജയത്തിലും സമനിലയിലും എന്തിന് ജയിച്ച മത്സരത്തിൽ പോലും മികച്ചൊരു പ്രകടനം നടത്താൻ റെനെയുടെ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല. എന്നിട്ടും കാര്യമായ വിമർശനങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നു വന്നില്ല എന്നതിന് ആരാധകരോട് നന്ദി പറയണം റെനെ.

ഇയാൻ ഹ്യൂമിനെ കളത്തിൽ അധികം ഇറക്കാത്തതിന് മാത്രമാണ് റെനെ ആരാധകരിൽ നിന്ന് വിമർശനങ്ങൾ ഇതുവരെ ഏറ്റുവാങ്ങിയത്. ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം ഉള്ള റെനെയ്ക്ക് 2015ൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പീറ്റർ ടൈലറിനേക്കാൾ മോശം ജയ ശരാശരിയാണ്. എന്തായാലും മികച്ച ടീം കോച്ച് ആണ് എന്നത് ഒരാളെ മികച്ച പരിശീലകനാക്കില്ല എന്നതിനുള്ള ഉദാഹരണമായി തന്റെ അടുത്ത ക്ലബ് വരെയെങ്കിലും റെനെ മുളൻസ്റ്റീൻ തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial