Picsart 23 06 12 17 40 57 786

ഫുട്‌ബോളിൽ വീണ്ടുമൊരു ക്ലൗഡിയോ റാനിയേരി മാജിക്!

എന്നും അത്ഭുതം കൊണ്ടു ഫുട്‌ബോൾ ലോകത്തെ വിസ്മയിക്കാറുള്ള ഇറ്റാലിയൻ പരിശീലകൻ ക്ലൗഡിയോ റാനിയേരി 71 മത്തെ വയസ്സിൽ ഒരിക്കൽ കൂടി ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ചു. മുമ്പ് ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കിയും 1988 ൽ കാഗ്ലിയാരിയെ ഇറ്റാലിയൻ സീരി സിയിൽ ഇരട്ട പ്രമോഷനിലൂടെ സീരി എയിൽ എത്തിച്ചു അത്ഭുതം കാണിച്ച റാനിയേരി ഇത്തവണയും കാഗ്ലിയാരിയെ ഉപയോഗിച്ച് ആണ് മാജിക് കാണിച്ചത്. 2023 ജനുവരിയിൽ സീരി ബിയിൽ 14 മത് ഉണ്ടായിരുന്ന തന്റെ മുൻ ക്ലബ് കാഗ്ലിയാരിയെ ഏറ്റെടുത്ത റാനിയേരി അവർക്ക് ഇറ്റാലിയൻ സീരി എയിലേക്ക് അത്ഭുതകരമായി ആണ് പ്രമോഷൻ നേടി നൽകിയത്.

റാനിയേരി പരിശീലകൻ ആയ ശേഷം കളിച്ച 24 കളികളിൽ 2 എണ്ണത്തിൽ മാത്രം തോറ്റ കാഗ്ലിയാരി അവസാന 10 മത്സരങ്ങളിൽ പരാജയം അറിഞ്ഞില്ല. തുടർന്ന് അഞ്ചാം സ്ഥാനത്ത് ലീഗിൽ എത്തിയ അവർ തുടർന്ന് പ്രമോഷൻ പ്ലെ ഓഫിലൂടെയാണ് സീരി എയിലേക്ക് യോഗ്യത നേടിയത്. പ്രമോഷൻ പ്ലെ ഓഫിൽ ബാരിക്ക് എതിരെ രണ്ടാം പാദത്തിൽ 94 മത്തെ മിനിറ്റിൽ ലിയാൻഡ്രോ പാവലോറ്റി നേടിയ ഗോളിൽ 2-1 ന്റെ നാടകീയ ജയം ആണ് അവർ നേടിയത്. മത്സര ശേഷം ആനന്ദ കണ്ണീർ ഒഴുക്കിയ റാനിയേരിയുടെ മുഖം ഫുട്‌ബോൾ ആരാധകരുടെ ഹൃദയത്തിൽ ആണ് എത്തിയത്. ഏതായാലും അടുത്ത വർഷം സീരി എയിൽ ഒരു കൈ നോക്കാൻ 71 കാരനായ ഇതിഹാസ പരിശീലകൻ ഉണ്ടാവും എന്നത് ഫുട്‌ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്.

Exit mobile version