Site icon Fanport

രാജസ്ഥാന്‍ ഓൺ ഫയര്‍!!! ചെന്നൈയുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ടീമിനെ സഹായിച്ചത് ശിവം ഡുബേയും യശസ്വി ജൈസ്വാളും

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 190 റൺസ് വിജയ ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ മറികടന്ന് പോയിന്റ് പട്ടികയിൽ പത്ത് പോയിന്റ് നേടി തങ്ങളുടെ പ്ലേ ഓഫ് സാധ്യത രാജസ്ഥാന്‍ നിലനിര്‍ത്തുകയായിരുന്നു.

യശസ്വി ജൈസ്വാളും എവിന്‍ ലൂയിസും നല്‍കിയെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ റൺറേറ്റ് വരുതിയിൽ നിര്‍ത്തിയാണ് രാജസ്ഥാന്‍ മത്സരത്തിൽ തങ്ങളുടെ സാധ്യത സജീവമാക്കി നിര്‍ത്തിയത്. ലൂയിസും ജൈസ്വാളും ചേര്‍ന്ന് 77 റൺസാണ് 5.2 ഓവറിൽ കൂട്ടിചേര്‍ത്തത്. 12 പന്തിൽ 27 റൺസ് നേടിയ എവിന്‍ ലൂയിസിനെ താക്കൂര്‍ പുറത്താക്കിയപ്പോള്‍ ജൈസ്വാള്‍ 19 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചു. എന്നാൽ മലയാളി താരം കെഎം ആസിഫ് തൊട്ടടുത്ത ഓവറിൽ ജൈസ്വാളിനെ ധോണിയുടെ കൈകളിൽ എത്തിച്ചപ്പോള്‍ 81/2 എന്ന നിലയിലായിരുന്നു.

Shivamdube

പതിവ് പോലെ രാജസ്ഥാന്‍ മധ്യനിര തകരുമോ എന്ന ഭയം ആരാധകരില്‍ വന്നുവെങ്കിലും ശിവം ഡുബേയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് പിന്നീട് കണ്ടത്. ചെന്നൈ ബൗളര്‍മാരെ തിരിഞ്ഞുപിടിച്ച് പ്രഹരിച്ച ഡുബേയ്ക്ക് പിന്തുണ നല്‍കുവാന്‍ സഞ്ജു തീരുമാനിച്ചതോടെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ രാജസ്ഥാന്‍ അടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ 28 റൺസ് നേടി സഞ്ജുവിനെ രാജസ്ഥാന് മൂന്നാം വിക്കറ്റായി നഷ്ടമായി. മൂന്നാം വിക്കറ്റിൽ 89 റൺസാണ് ഡുബേയും സഞ്ജുവും ചേര്‍ന്ന് നേടിയത്.

42 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ഡുബേയും 14 റൺസുമായി ഗ്ലെന്‍ ഫിലിപ്പ്സും കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Exit mobile version