ഖത്തറിന് ചരിത്ര വിജയം, റാങ്കിംഗിൽ 96ൽ ഉള്ള ഖത്തർ അട്ടിമറിച്ചത് എട്ടാമതുള്ള സ്വിറ്റ്സർലാന്റിനെ

ഖത്തറിന് രാജ്യാന്തര മത്സരങ്ങളിൽ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ഇന്ന് സ്വിറ്റ്സർലാന്റിനെ അവരുടെ തട്ടകത്തിൽ നേരിട്ട ഖത്തർ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ചരിത്രത്തിൽ പകരം വെക്കാൻ ഖത്തറിന് ഇതിനേക്കാൾ വലിയ വിജയം ഇല്ല. ലിവർപൂൾ താരം ഷഖീരി അടക്കം പ്രമുഖർ ഒക്കെ അടങ്ങിയ സ്വിറ്റ്സർലാന്റിനെ തന്നെയാണ് ഖത്തർ തോൽപ്പിച്ചത്.

ഫിഫ റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ടീമാണ് സ്വിറ്റ്സർലാന്റ്. ഖത്തർ ആവട്ടെ 96ആം സ്ഥാനത്തും. ഖത്തറിന്റെ ആകിഫ് നേടിയ ഒരൊറ്റ ഗോളിനായിരുന്നു ഇന്ന് ഖത്തർ ജയം സ്വന്തമാക്കിയത്. 85ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ആകിഫിന് പന്ത് കിട്ടി. ആകിഫിന്റെ വേഗത്തിനൊപ്പം എത്താൻ സ്വിസ് ഡിഫൻസിനായില്ല. സ്വിറ്റ്സർലാന്റിന്റെ അവസാന 12 ഹോം മത്സരങ്ങളിലെ ആദ്യ തോൽവി ആണിത്. ഖത്തറിന്റെ ചരിത്രത്തിൽ യൂറോപ്പിൽ ചെന്നുള്ള രണ്ടാം ജയവും.

2022 ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങൾ ശരിയായ ദിശയിലാണ് എന്ന് കാണിക്കുന്നതാണ് ഈ വിജയം.

Exit mobile version