മൂന്ന് ഗോളുകള്‍, പൂനെ വീണ്ടും വിജയ വഴിയില്‍

കൊല്‍ക്കത്തയെ തറപറ്റിച്ച് എഫ് സി പൂനെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ എടികെയെ 3-0 എന്ന സ്കോറിനാണ് പൂനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത വിജയികള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി സ്കോര്‍ ലൈന്‍ പൂര്‍ത്തിയാക്കി. 32ാം മിനുട്ടില്‍ ആദില്‍ ഖാന്‍ ആണ് പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ഡീഗോ കാര്‍ലോസ്(59), രോഹിത് കുമാര്‍(77) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍.

മാര്‍സെലീഞ്ഞോ എടുത്ത കോര്‍ണര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയാണ് ആദില്‍ ഖാന്‍ പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളെയും വേര്‍തിരിച്ചത് ഈ ഒരു ഗോളാണ്. മികച്ചൊരു സോളോ ഗോളിലൂടെ ഡീഗോ കാര്‍ലോസ് രണ്ടാം പകുതിയില്‍ പൂനെയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയപ്പോള്‍ ബോക്സിനരികില്‍ നിന്ന് തകര്‍പ്പനൊരു ഗോളുമായി രോഹിത് കുമാര്‍ പൂനെയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി.

നിലവില്‍ 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൂനെ. പൂനെ അടുത്ത മത്സരത്തില്‍ ബുധനാഴ്ച ജംഷദ്പൂര്‍ എഫ് സിയെ നേരിടുമ്പോള്‍ കൊല്‍ക്കത്ത ചെന്നൈയിന്‍ എഫ് സിയുമായി അടുത്ത മത്സരം കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version