അവസാന നിമിഷം ബൈസൈക്കിൾ ഗോൾ, കൂവിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിച്ച് നെയ്മർ

പി എസ് ജി ആരാധകർ കളിയിൽ ഉടനീളം കൂവി വിളിച്ചിട്ടും അവസാനം രക്ഷിക്കാൻ നെയ്മർ തന്നെ വേണ്ടി വന്നു. ഇന്ന് ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പി എസ് ജി സ്റ്റ്രാസ്ബർഗിനെ നേരിട്ടപ്പോൾ ഒരു ഗോൾ നേടാൻ ടീമാകെ വിഷമിച്ചു. കളിയുടെ ഇഞ്ച്വറി ടൈം വരെ ഗോൾ ഇല്ലാതെ നിരാശയിൽ ഇരുന്ന പി എസ് ജിയെ ഒരു അത്ഭുത നിമിഷത്തിലൂടെ നെയ്മർ രക്ഷിക്കുകയായിരുന്നു.

ഇടതു വിങ്ങിൽ നിന്ന് ഡിയാലോ നൽകിയ ക്രോസ് നെയ്മറിന് പിറകിലേക്കാണ് വന്നത്. ആ ക്രോസ് ഒരു ബൈസൈക്കിൾ കിക്കിലൂടെ നെയ്മർ വലയിലാക്കി പി എസ് ജിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. അതുവരെ കൂവിയ ആരാധകർ നെയ്മറിനു വേണ്ടി കയ്യടിക്കേണ്ടി വന്ന നിമിഷം. സീസണിൽ ആദ്യ നാലു മത്സരങ്ങളിലും പി എസ് ജി നെയ്മറിനെ കളിപ്പിച്ചിരുന്നില്ല. ഈ വിജയത്തോടെ പി എസ് ജി ലീഗിൽ ഒന്നാമത് എത്തി.

Exit mobile version