ഇത് പൃഥ്വി ഷോ, തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായുടെ ഒറ്റയാന്‍ പ്രകടനത്തിന്റെ ബലത്തില്‍ ആണ് ഡല്‍ഹി 7 വിക്കറ്റ് വിജയം നേടിയത്. 155 റണ്‍സെന്ന വിജയ ലക്ഷ്യം 16.3 ഓവറിലാണ് ഡല്‍ഹി മറികടന്നത്.

ശിവം മാവിയുടെ ആദ്യ ഓവറില്‍ 6 ഫോറോടെ തുടങ്ങിയ പൃഥ്വി ഷായെ പിടിച്ചുകെട്ടുവാന്‍ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചുവെങ്കിലും ഷാ തന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് തുടര്‍ന്ന് 18 പന്തില്‍ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഓറഞ്ച് ക്യാപ് ഉടമയായ ശിഖര്‍ ധവനെ മറുവശത്ത് കാഴ്ചക്കാരനാക്കിയായിരുന്നു പൃഥ്വിയുടെ ഈ തകര്‍പ്പന്‍ ഷോ. ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 47 പന്തില്‍ 46 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. പാറ്റ് കമ്മിന്‍സാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തത്.

41 പന്തില്‍ 82 റണ്‍സ് നേടി പൃഥ്വി ഷാ വിജയം 9 റണ്‍സ് അകലെയുള്ളപ്പോളാണ് പുറത്തായത്. 11 ഫോറും 3 സിക്സും നേടിയ താരത്തിന്റെ വിക്കറ്റും പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. അതേ ഓവരില്‍ തന്നെ പന്തിന്റെ(16) വിക്കറ്റും പാറ്റ് കമ്മിന്‍സ് വീഴ്ത്തി.

Exit mobile version