പോർച്ചുഗലിന്റെ തിരിച്ചുവരവും മറികടന്ന് നെതർലന്റ്സ് വിജയം

വനിതാ യൂറോ കപ്പിൽ നെതർലന്റ്സിന് നിർണായക വിജയം. നിലവിലെ ചാമ്പ്യന്മാരായ നെതർലന്റ്സ് ഇന്ന് പോർച്ചുഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ നെതർലന്റ്സ് രണ്ട് ഗോളിന് മുന്നിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടി കളി 2-2 എന്നാക്കാൻ പോർച്ചുഗലിനായി. കഴിഞ്ഞ മത്സരത്തിൽ സ്വിറ്റ്സർലാന്റിന് എതിരെയും പോർച്ചുഗൽ സമാനമായ തിരിച്ചുവരവ് നടത്തിയിരുന്നു‌. എന്നാൽ ഇന്ന് പോർച്ചുഗലിന് പരാജയം ഒഴിവാക്കാൻ ആയില്ല.

കളിയുടെ ഏഴാം മിനുട്ടിൽ എഗുറോയയും പതിനാറാം മിനുട്ടിൽ വാൻ ഡെർ ഗാർട്ടും നേടിയ ഗോളുകൾ നെതർലന്റ്സിനെ 2-0ന് മുന്നിൽ എത്തിച്ചു. രണ്ടു ഗോളുകളും ഹെഡറുകൾ ആയിരുന്നു. 38ആം മിനുട്ടിൽ കോസ്റ്റയിലൂടെ ആയിരുന്നു പോർച്ചുഗീസ് തിരിച്ചടി. പെനാൾട്ടിയിലൂടെ കരോലെ കോസ്റ്റ ഗോൾ നേടിയതോടെ സ്കോർ 2-1 എന്നായി‌. പിന്നാലെ 47ആം മിനുട്ടിൽ ഡിയാന സിൽവയുടെ വക സമനില ഗോൾ. സ്കോർ 2-2.

62ആം മിനുട്ടിലെ ഡാനിയെലെ ഡോങ്കെയുടെ ഗോൾ ആണ് നെതർലന്റ്സിന് വിജയം നൽകിയത്. 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് ആണ് നെതർലാന്റസിന് ഉള്ളത്.

Exit mobile version