പോചടീനോ വരും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസൺ ഒരു ചുവട് മുന്നോട്ട് രണ്ട് ചുവട് പിറകോട്ട് എന്ന രീതിയിലായിരുന്നു. സർ അലക്സ് ഫെർഗൂസൺ പോയത് മുതൽ ഇതു തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതിവും. അവസാന രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറിൽ ഉള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കുകയാണ്‌. അവർ ഇപ്പോൾ ഒലെയെ ക്ലബ് പുറത്താക്കുന്നതിന് കാത്തിരിക്കുക ആണെന്നും വേണമെങ്കിൽ പറയാം.

സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ഒലെ ഗണ്ണാർ സോൾഷ്യറിനെ പുറത്താക്കാനും പകരം പോചടീനോയെ കൊണ്ടുവരാനും ഉള്ള ചർച്ചകളാണ്. മുൻ ടോട്ടനം പരിശീലകനായ പോചടീനോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചു എന്നും വാർത്തകൾ ഉണ്ട്. കഴിഞ്ഞ വർഷം ടോട്ടനം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയിലും പ്രവേശിച്ചിട്ടില്ല. താൻ ശരിയാ ജോലിക്കായി കാത്തിരിക്കുക ആണ് എന്നായിരുന്നു പോചടീനോ കഴിഞ്ഞ ദിവസം പറഞ്ഞത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റവും അനുയോജ്യമായ പരിശീലകനാണ് പോചടീനോ എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. പോചടീനോയുടെ ടാക്ടിക്സുകൾ ആണ് സ്പർസിന് വലിയ ടീമാക്കി വളർത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ നല്ല പരിശീലകന് കിട്ടിയാൽ യുണൈറ്റഡിന് സ്ഥിതയാർന്ന പ്രകടനങ്ങൾ നടത്താൻ ആകും എന്നു ഫുട്ബോൾ നിരീക്ഷകരും പറയുന്നു. എന്തായാലും അടുത്ത മത്സരത്തിൽ എവർട്ടണെ യുണൈറ്റഡ് തോൽപ്പിച്ചില്ല എങ്കിൽ ഒലെയുടെ പണി പോകും എന്നാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്.

Exit mobile version