ബ്രൈറ്റന്റെ പോരാട്ടം അവസാനിപ്പിച്ചു മികച്ച ജയവുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിൽ നിന്നു ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു മാഞ്ചസ്റ്റർ സിറ്റി. പൊരുതി കളിച്ച ബ്രൈറ്റൻ ഹൊ ആൽബിയനെ രണ്ടാം പകുതിയിലെ ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത്. ജയത്തോടെ 32 മത്സരങ്ങൾക്ക് ശേഷം 77 പോയിന്റുകൾ നേടിയ സിറ്റി ലിവർപൂളിന് ഒരു പോയിന്റ് മുകളിൽ ആണ്. സിറ്റി ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. കെവിൻ ഡിബ്രുയിന്റെ ശ്രമം ലക്ഷ്യം കാണാതെ പോയപ്പോൾ ബെർണാർഡോ സിൽവയുടെ ശ്രമം സാഞ്ചസ് രക്ഷിച്ചു. ഡെങ്കിന്റെ പിഴവ് മുതലാക്കാൻ ഗുണ്ടോഗനും ആയില്ല.

20220421 030914

രണ്ടാം പകുതിയിൽ എന്നാൽ സിറ്റി ഗോൾ നേടി. 53 മത്തെ മിനിറ്റിൽ റിയാദ് മാഹ്രസിന്റെ ശ്രമം ഡെങ്കിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. 65 മത്തെ മിനിറ്റിൽ മാഹ്രസിന്റെ പാസിൽ നിന്നു ഫിൽ ഫോഡൻ നേടിയ ഗോളും ബ്രൈറ്റൻ പ്രതിരോധ താരങ്ങളിൽ തട്ടിയാണ് ഗോൾ ആയത്. 82 മത്തെ മിനിറ്റിൽ ബ്രൈറ്റൻ ഗോൾ കീപ്പർ സാഞ്ചസിന്റെ മോശം പാസ് പിടിച്ചെടുത്ത ഡിബ്രുയിനെ നൽകിയ പന്ത് ഗോൾ ആക്കി മാറ്റിയ ബെർണാർഡോ സിൽവ സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ആഴ്‌സണൽ ടോട്ടൻഹാം ടീമുകളെ തോൽപ്പിച്ചു വന്ന ബ്രൈറ്റനു പക്ഷെ സിറ്റിക്ക് മുന്നിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.