തുടർച്ചയായ പത്താം ജയം, വാട്ഫോർഡിനെ വീഴ്ത്തി ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാമത്

പ്രീമിയർ ലീഗിൽ താൽക്കാലികമായെങ്കിലും മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി ലിവർപൂൾ. തങ്ങളുടെ സ്വാഭാവിക മികവിലേക്ക് ഉയരാൻ ഇന്ന് ലിവർപൂളിന് ആയില്ലെങ്കിലും തരം താഴ്ത്തൽ ഭീഷണി നേരിടുന്ന മുൻ പരിശീലകൻ റോയ് ഹഡ്‌സന്റെ വാട്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലിവർപൂൾ തോൽപ്പിച്ചത്. പ്രീമിയർ ലീഗിൽ തുടർച്ചയായ പത്താം ജയം ആയിരുന്നു ലിവർപൂളിന് ഇത്. മത്സരത്തിന്റെ തുടക്കത്തിൽ ലിവർപൂളിനെ വിറപ്പിക്കാൻ വാട്ഫോർഡിനു ആയി. കുക്കയുടെ മികച്ച ശ്രമത്തെ അതുഗ്രൻ രക്ഷപ്പെടുത്തൽ നടത്തിയ ആലിസൻ കാത്തു. തൊട്ടടുത്ത നിമിഷം ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി.

അലക്‌സാണ്ടർ അർണോൾഡിനു പകരം വലത് ബാക്ക് ആയി ഇറങ്ങിയ ജോ ഗോമസിന്റെ അതുഗ്രൻ ക്രോസിൽ നിന്നു വീണ്ടുമൊരു ഹെഡറിലൂടെ ഡീഗോ ജോട്ട ലിവർപൂളിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. ജോട്ട സീസണിൽ നേടുന്ന ഇരുപതാം ഗോൾ ആയിരുന്നു ഇത്. മത്സരത്തിൽ ശരാശരി പ്രകടനം ആണ് ലിവർപൂൾ തുടർന്നും പുറത്ത് എടുത്തത്. രണ്ടാം പകുതിയിൽ അടക്കം മുഹമ്മദ് സലാഹ് തീർത്തും നിറം മങ്ങി. എന്നാൽ ലിവർപൂളിനെ വിറപ്പിക്കാൻ വാട്ഫോർഡിനു ആയില്ല. 89 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പകരക്കാനായി ഇറങ്ങിയ ഫാബീന്യോ ലിവർപൂൾ ജയം ഉറപ്പിക്കുക ആയിരുന്നു. ലിവർപൂൾ കോർണറിൽ ജോട്ടയെ കുക്ക വീഴ്ത്തിയതിനു വാർ പെനാൽട്ടി അനുവദിക്കുക ആയിരുന്നു. നിലവിൽ ഒരു മത്സരം അധികം കളിച്ച ലിവർപൂൾ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 2 പോയിന്റുകൾ മുന്നിലാണ്. അതേസമയം വാട്ഫോർഡ് 18 സ്ഥാനത്ത് തുടരുകയാണ്.