ഇങ്ങനെ ക്ലബിന്റെ പടി ഇറങ്ങേണ്ടവൻ അല്ല ഒബമയാങ് എന്ന ആഴ്‌സണൽ ഇതിഹാസം! വിട ഓബ!!!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2018 ൽ ഒരു ജനുവരി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം ‘ഓ പിയരെ, യൂ വാണ കം ഔട്ട് ഹിയർ?’ എന്ന വാചകത്തോടെ ആഴ്‌സണൽ ടീമിലേക്ക് അവതരിപ്പിച്ച ഒബമയാങ് എന്ന താരത്തെയോ അന്ന് ലഭിച്ച സന്തോഷമോ ആഴ്‌സണൽ ആരാധകർ ഇന്നും മറക്കാൻ ഇടയില്ല. ഇപ്പോൾ ഇതാ ഒരുപാട് ഉദ്ദേഗം നിറഞ്ഞ നിമിഷങ്ങൾക്ക് ശേഷം 2022 ലെ മറ്റൊരു ജനുവരി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം ഫ്രീ ട്രാൻസ്ഫർ ആയി ആഴ്‌സണലും ആയുള്ള ബന്ധം അവസാനിപ്പിച്ചു ഒബമയാങ് ക്ലബിന്റെ പടി ഇറങ്ങുമ്പോൾ ഉറപ്പായും ആഴ്‌സണൽ ആരാധകരുടെ ഹൃദയം തകരുന്നുണ്ടാവണം. അച്ചടക്കം ഇല്ലായ്മ പറഞ്ഞോ ക്ലബിന് മുകളിൽ ആരുമില്ല എന്നു പറഞ്ഞോ അവർ ചിലപ്പോൾ ഒബമയാങ് ക്ലബിൽ നിന്നു പുറത്ത് പോവണം എന്നു പറയുന്നുണ്ടാവും എന്നാൽ അതേസമയം ഈ നാലു വർഷം അവരുടെ നായകൻ ആയും താരം ആയും ഗാബോൻ താരം തങ്ങൾക്ക് ആയി ചെയ്ത സേവനം ഒരു ആഴ്‌സണൽ ആരാധകനും മറക്കാൻ ഇടയില്ല. ഇന്ന് ബാഴ്‌സലോണ താരം ആയി ഒബമയാങ് മാറുമ്പോൾ ഉള്ളിൽ സങ്കടത്തോടെ അല്ലാതെ ആഴ്‌സണൽ ആരാധകർ അത് ഓർക്കില്ല.

20210911 214216
Credit: Twitter

സാക്ഷാൽ ആഴ്‌സനെ വെങറിന്റെ ആഴ്‌സണലിന്റെ അവസാന ട്രാൻസ്ഫർ ആയി ടീമിൽ എത്തിയ ഒബമയാങ് ഏതാണ്ട് ഒറ്റക്ക് ആണ് കഴിഞ്ഞ 3 സീസണുകളിൽ ആയി ടീമിനെ ചുമലിൽ ഏറ്റിയത്. നീസിന്റെയും എ. സി മിലാന്റെയും യുവ ടീമുകളിൽ കളിച്ചു പഠിച്ച ഒബമയാങ് ഫ്രഞ്ച് ക്ലബ് സെന്റ് എതിനെയിൽ ആണ് സ്വന്തമായി ഒരു പേര് ഉണ്ടാക്കുന്നത്. തുടർന്ന് 2013 ൽ ബുണ്ടസ് ലീഗയിൽ ക്ലോപ്പിന്റെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ റോബർട്ട് ലെവൻഡോസ്കിക്ക് പകരം താരം എത്തി. തുടർന്ന് വരും വർഷങ്ങളിൽ ഏറ്റവും മികച്ച ഗോൾ സ്കോറർക്ക് ആയി ബയേണിൽ പോയ ലെവൻഡോസ്കിയും ഒബമയാങും തമ്മിൽ ജർമ്മനിയിൽ കടുത്ത മത്സരം ആണ് കാണാൻ ആയത്. പലപ്പോഴും താരവും ക്ലബും രണ്ടാമത് ആയി എങ്കിലും 2016-2017 ൽ 31 ഗോളുകൾ നേടിയ താരം ജർമ്മനിയിൽ ഗോൾ വേട്ടയിൽ മുന്നിലെത്തി. ഒപ്പം ഡോർട്ട്മുണ്ട് ആ സീസണിൽ ഡി.എഫ്.പി പോക്കൽ കിരീടം ഉയർത്തുകയും ചെയ്തു. ഇപ്പോഴും ഡോർട്ട്മുണ്ടിന് ആയി ഏറ്റവും കൂടുതൽ ഗോൾ അടിച്ച ആറാമത്തെ താരം ആണ് ഒബമയാങ്. 144 മത്സരങ്ങളിൽ 98 ഗോളുകൾ ആണ് ജർമ്മൻ ടീമിന് ആയി താരം അടിച്ചു കൂട്ടിയത്.

20210119 100006
Credit: Twitter

കളത്തിൽ ഗോൾ അടിച്ചു കൂട്ടുമ്പോൾ തന്നെ അച്ചടക്കം ഇല്ലായ്മ പലപ്പോഴും ഒബമയാങിന് ചീത്തപ്പേര് നൽകി. ഡോർട്ട്മുണ്ടിൽ പരിശീലകൻ തോമസ് ടൂഹലും ആയി തെറ്റിയ താരം പലപ്പോഴും പരിശീലനത്തിൽ എത്തിയില്ല. ടൂഹലും ആയുള്ള അഭിപ്രായ ഭിന്നതയും സഹതാരം ഒസ്മാൻ ഡെമ്പേലയെ അവർ ബാഴ്‌സലോണക്ക് വിറ്റതും അടക്കം താരത്തിന്റെ ഡോർട്ട്മുണ്ട് ജീവിതം ദുഷ്കരമാക്കി. ഒടുവിൽ 2020 വരെ ടീമും ആയി കരാർ ഉണ്ടെങ്കിലും താരം ആഴ്‌സനെ വെങറിന്റെ ആഴ്‌സണലിലേക്ക് 2018 ജനുവരിയിൽ ചേക്കേറി. അന്നത്തെ ആഴ്‌സണലിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുക ആയ ഏതാണ്ട് 60 മില്യൺ യൂറോക്ക് ആണ് താരം ടീമിൽ എത്തിയത്. ആഴ്‌സണലിന് ആയി ആദ്യ മത്സരത്തിൽ എവർട്ടണിനു എതിരെ തന്റെ മുൻ ഡോർട്ട്മുണ്ട് സഹതാരം മിക്കിത്യാരന്റെ പാസിൽ നിന്നു ഗോൾ നേടിക്കൊണ്ടു ഗംഭീരമായി ആണ് ഒബമയാങ് തുടങ്ങുന്നത്. തുടർന്നു വാട്ഫോർഡിനു എതിരെ തന്റെ ആദ്യ ആഴ്‌സണൽ അസിസ്റ്റ് മിക്കിത്യാരന് നൽകി ഈ സഹായം താരം മടക്കുന്നുണ്ട്. ഫുട്‌ബോളിലെ ഇതിഹാസ പരിശീലകൻ ആഴ്‌സനെ വെങറിന്റെ അവസാന സീസൺ ആയ ഈ സീസണിൽ ലീഗിൽ 10 ഗോളുകളും 4 അസിസ്റ്റുകളും ആണ് സീസണിന്റെ പകുതിക്ക് വച്ച് ടീമിൽ എത്തിയ ഒബമയാങ് നേടുന്നത്. പ്രീമിയർ ലീഗ് വെങറിന്റെ ആവസാന മത്സരം ആയ ഹഡർസ്ഫീൾഡിനു എതിരായ മത്സരത്തിൽ ഗോൾ നേടിയാണ് ഇതിഹാസ പരിശീലനു താരം യാത്രയയപ്പ് നൽകുന്നത്. Aubameyang Lacazette Arsenal

2018-19 സീസണിൽ പുതിയ പരിശീലകൻ ഉനയ് എമറെക്ക് കീഴിൽ ടീമിനെ ഏതാണ്ട് ഒറ്റക്ക് ഒബമയാങ് തോളിൽ ഏറ്റുന്നുണ്ട്. യൂറോപ്പ ലീഗിൽ വലൻസിയക്ക് എതിരെ തന്റെ ആദ്യ ആഴ്‌സണൽ ഹാട്രിക്കും താരം നേടുന്നുണ്ട്. സീസണിൽ 22 ഗോളുകളും ആയി ലിവർപൂളിന്റെ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവർക്ക് ഒപ്പം ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരത്തിന് പക്ഷെ ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി നൽകാൻ ആയില്ല. ആഴ്‌സണൽ അഞ്ചാമത് ആയ സീസണിൽ ടീം യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിയോട് 4-1 തകരുകയും ചെയ്തു. അടുത്ത സീസണിൽ മികച്ച രീതിയിൽ തന്നെയാണ് ഒബമയാങ് തുടങ്ങുന്നത്. തുടർന്ന് ഗ്രാനിറ്റ് ശാക്കക്ക് പകരക്കാരൻ ആയി ഒബമയാങ് ആഴ്‌സണൽ നായക സ്ഥാനത്തും എത്തി. മോശം പ്രകടനങ്ങൾ എമറെയുടെ ജോലി തെറിപ്പിച്ചപ്പോൾ ഇടക്ക് ഒബമയാങും നിറം മങ്ങി. എന്നാൽ തുടർന്ന് പരിശീലകൻ ആയ മൈക്കിൾ ആർട്ടെറ്റക്ക് കീഴിൽ ഒബമയാങ് തന്റെ മികവ് വീണ്ടെടുത്തു. നോർവിച്ച് സിറ്റിക്ക് എതിരെ ഗോൾ നേടി തന്റെ 50 മത്തെ പ്രീമിയർ ലീഗ് ഗോൾ നേടിയ താരം ആഴ്‌സണലിന് ആയി ഏറ്റവും കൂടുതൽ വേഗത്തിൽ 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന താരമായും മാറി. ആഴ്‌സണൽ ഇതിഹാസം സാക്ഷാൽ തിയറി ഒൻറിയെയാണ് താരം മറികടന്നത്. സീസണിൽ ലീഗിൽ 22 ഗോളുകളും ആയി ഗോൾ വേട്ടക്കാരിൽ വാർഡിക്ക് പിറകിൽ രണ്ടാമതും ആവുന്നുണ്ട് താരം.

കോവിഡ് പലപ്പോഴും വില്ലൻ ആയ ഈ വർഷങ്ങളിൽ ആഴ്‌സണൽ ആരാധകർക്ക് എഫ്.എ കപ്പിൽ വലിയ സമ്മാനം ആണ് ഒബമയാങ് കരുതി വച്ചത്. എഫ്.എ കപ്പ് സെമി ഫൈനലിൽ ലീഗ് ജേതാക്കൾ ആയ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഇറട്ടഗോൾ നേടി ആഴ്‌സണലിന് വിജയം സമ്മാനിച്ചു ഒബമയാങ്. സമീപകാലത്ത് ഗാർഡിയോളയുടെ സിറ്റിക്ക് എതിരെ ആഴ്‌സണലിന്റെ ഏക വിജയം ആയിരുന്നു ഇത്. എഫ്.എ കപ്പ് ഫൈനലിൽ ചെൽസിക്ക് എതിരെ സമനില നൽകിയ പെനാൽട്ടി ഗോളും വിജയ ഗോളും നേടിയ ഒബമയാങ് ആഴ്‌സണലിന് അവരുടെ ഏറ്റവും മോശം സീസണുകളിൽ ഒന്നിൽ എഫ്.എ കപ്പ് കിരീടം സമ്മാനിച്ചു. തുടർന്ന് കമ്യൂണിറ്റി ഷീൽഡിൽ ലിവർപൂളിനെ വീഴ്ത്തി ക്യാപ്റ്റൻ ഒബമയാങ് ആഴ്‌സണലിന് മറ്റൊരു കിരീടം സമ്മാനിക്കുന്നുണ്ട്. കളിയിൽ ഗോൾ നേടിയ ഒബമയാങ് പെനാൽട്ടി ഷൂട്ട് ഔട്ടിൽ അഞ്ചാം പെനാൽട്ടി ലക്ഷ്യത്തിലും എത്തിച്ചു. തുടർന്ന് പല മികച്ച താരങ്ങളും പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയപ്പോൾ ഒബമയാങ് ആഴ്‌സണലും ആയി പുതിയ 3 വർഷത്തെ കരാറിൽ ഒപ്പിട്ടു. ഇടക്ക് ആഴ്‌സണലിന് 14 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോർഡിൽ വിജയം സമ്മാനിക്കുന്നതും ഒബമയാങ് നേടിയ ഗോൾ ആണ്. ഇതിനിടയിൽ യൂറോപ്പിൽ ലീഗുകളിൽ 200 ഗോളുകളും താരം പൂർത്തിയാക്കുന്നുണ്ട്. ഇതിനിടയിൽ അമ്മയുടെ അസുഖവും മലേറിയ ബാധിച്ചതും അടക്കം വ്യക്തി ജീവിതത്തിൽ താരം പ്രശ്നങ്ങൾ നേരിട്ടു.

ഈ സീസണിൽ നന്നായി തുടങ്ങിയെങ്കിലും തീർത്തും നിറം മങ്ങുന്ന ഒബമയാങിനെ ആണ് തുടർന്ന് കണ്ടത്‌. തുടർന്ന് പരിശീലനത്തിൽ എത്താത്ത അച്ചടക്കമില്ലായ്മ അടക്കം കാണിച്ച താരത്തെ ടോട്ടൻഹാമിനു എതിരായ നോർത്ത് ലണ്ടൻ ഡാർബി ടീമിൽ നിന്നു പരിശീലകൻ മൈക്കിൾ ആർട്ടെറ്റ ഒഴിവാക്കി. തുടർന്ന് സൗതാപ്റ്റണ്‌ എതിരെ താരത്തെ ടീമിൽ നിന്നു പൂർണമായും ഒഴിവാക്കിയ ആർട്ടെറ്റ താരത്തെ ക്ലബ് നായക സ്ഥാനത്ത് നിന്നും ഒഴിവാക്കി. ഇതിനിടെയിൽ താരം ഗാബോണിനു ആയി ആഫ്രിക്കൻ നേഷൻസ് കപ്പിൽ കളിക്കാൻ പോയെങ്കിലും ഹൃദയ സംബന്ധമായ അസുഖം കാരണം താരം ലണ്ടനിൽ മടങ്ങിയെത്തി. തനിക്ക് മാപ്പ് പ്രതീക്ഷിച്ച ഒബമയാങിനു മാപ്പ് നൽകാൻ പക്ഷെ ആർട്ടെറ്റ ഒരുക്കമല്ലാതിരുന്നു എന്നതിനാൽ തന്നെ പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ താരം നിർബന്ധിതനായി. സൗദി അറ്യേബിയൻ ക്ലബിന്റെ വലിയ കരാർ തള്ളി പ്രതിഫലം വലിയ രീതിയിൽ കുറച്ച് ഫ്രീ ട്രാൻസ്ഫർ ആയാണ് നാടകീയമായ പല നിമിഷങ്ങൾക്കും ശേഷം ഗാബോൻ ടീമിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ ആയ ഒബമയാങ് ബാഴ്‌സലോണയുടെ ഭാഗം ആവുന്നത്.

ഉറപ്പായിട്ടും ഏറ്റവും മോശം കാലത്ത് ആഴ്‌സണലിനെ ഒറ്റക്ക് ചുമലിൽ ഏറ്റിയ താരം എന്ന നിലയിൽ എന്നും നന്ദിയോടെ മാത്രം ആയിരിക്കും ആഴ്‌സണൽ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ഓബയെ ഓർക്കുക. കളത്തിനു അകത്തും പുറത്തും ഒബമയാങ്, അലക്‌സാണ്ടർ ലാകസെറ്റ സൗഹൃദം എന്നും ഫുട്‌ബോളിലെ മനോഹര കാഴ്ചയാണ്. ബുകയോ സാക്ക, എമിൽ സ്മിത് റോ, ഗബ്രിയേൽ മാർട്ടിനെല്ലി തുടങ്ങിയ ആഴ്‌സണലിന്റെ പുതിയ യുവ സൂപ്പർ താരങ്ങൾക്ക് വലിയ പ്രചോദനം ആയിരുന്നു ഓബ എന്നും. ആവരെ മികവിലേക്ക് ഉയർത്തിയത്തിൽ വലിയ പങ്ക് ഓബക്ക് ഉണ്ട് താനും. ലീഗിൽ ആഴ്‌സണലിന് ആയി 128 മത്സരങ്ങളിൽ നിന്നു 68 ഗോളുകൾ ആണ് ഓബ നേടിയത്. ആകെ 163 മത്സരങ്ങളിൽ നിന്നു 92 ഗോളുകളും 30 തിൽ അധികം അസിസ്റ്റുകളും ഓബ ആഴ്‌സണലിന് ആയി നൽകി. ഒപ്പം ആ വേഗവും, കളത്തിലെ അധ്വാനവും എല്ലാവർക്കും വലിയ പ്രചോദനം തന്നെ ആയിരുന്നു. 2 കിരീടങ്ങൾക്കും നേടിയ ഗോളുകൾക്കും അപ്പുറം കളത്തിനു അകത്തും പുറത്തും ഓബ സമ്മാനിച്ച നിമിഷങ്ങൾ ഏതൊരു ആഴ്‌സണൽ ആരാധകനും മറക്കാൻ ആവാത്തത് ആണ്. ആ മുഖത്ത് വിരിയുന്ന വലിയ ചിരിയും ആയി ആഴ്‌സണൽ ജേഴ്സിയിൽ ലാകസെറ്റക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന, തല കുത്തി മറിയുന്ന, ബ്ളാക് പാന്തർ, ബാറ്റ്മാൻ, സ്പൈഡർമാൻ മുഖം മൂടികൾ അണിഞ്ഞു ഗോൾ ആഘോഷിക്കുന്ന ഓബ ഇല്ല എന്നത് വലിയ വേദനയാണ്. 32 വയസ്സ് ആണ് ഇനിയും കുറച്ച് വർഷങ്ങൾ കൂടി ഗോൾ അടിച്ചു ബാഴ്‌സലോണയിൽ തിളങ്ങാൻ ഓബ എന്ന ആഴ്‌സണൽ ഇതിഹാസത്തിന് സാധിക്കട്ടെ.