9 വിരലുമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനായതില്‍ അഭിമാനം തോന്നുന്നു

ഇന്ത്യയ്ക്കായി ഒമ്പത് വിരലുമായി കീപ്പിംഗ് നടത്താനായത് അഭിമാന നിമിഷമായി കരുതുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. 2003 ലോകകപ്പ് സ്ക്വാഡില്‍ അംഗമായിരുന്ന താരം ചില ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചുവെങ്കിലും പിന്നീട് ടീമില്‍ നിന്ന് പിന്തള്ളപ്പെടുകയായിരുന്നു. ധോണി രംഗത്തെത്തിയതോടെ പാര്‍ത്ഥിവ് ഉള്‍പ്പെടെ ഒട്ടനവധി താരങ്ങളുടെ അവസരം നഷ്ടമാകുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി റണ്‍സ് കണ്ടെത്തുന്ന താരമാണ് പാര്‍ത്ഥിവ്. തന്റെ കൈ വിരലുകളില്‍ ഒന്ന് നഷ്ടമായത് എങ്ങനെയെന്നാണ് ഇപ്പോള്‍ പാര്‍ത്ഥിവ് പറയുന്നത്. ആറ് വയസ്സുള്ളപ്പോള്‍ ഡോറിന് ഇടയില്‍ പെട്ടതോടെയാണ് തന്റെ വിരല്‍ നഷ്ടമാകുന്നതെന്ന് പാര്‍ത്ഥിവ് പറഞ്ഞു. ഇത് ഗ്ലൗസ് ഇടുമ്പോള്‍ പ്രയാസം ഉണ്ടാക്കുമെങ്കിലും ഈ 9 വിരലുകളുമായി ഇന്ത്യന്‍ ടീമിന് വേണ്ടി കീപ്പിംഗ് ചെയ്യാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പാര്‍ത്ഥിവ് പറഞ്ഞു.

താന്‍ ടേപ്പ് ഒക്കെ ഒട്ടിച്ചാണ് ഈ സ്ഥിതിയെ അതിജീവിച്ചതെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ഐപിഎലിലും പല ടീമുകളിലായി യഥേഷ്ടം റണ്‍ നേടുവാന്‍ പാര്‍ത്ഥിവ് പട്ടേലിനായിട്ടുണ്ട്. രഞ്ജിയിലും ഗുജറാത്തിന്റെ നായകനായും പലപ്പോഴും ടീമിന്റെ രക്ഷകനായി മാറുന്നത് പാര്‍ത്ഥിവ് പതിവാണ്.

Exit mobile version