500 കടന്ന് ഇന്ത്യ, പന്തിനു ശക്തം നഷ്ടം, കോഹ്‍ലിയ്ക്ക് 24ാം ടെസ്റ്റ് ശതകം

364/4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്കോര്‍. രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 506 റണ്‍സാണ് നേടിയിരിക്കുന്നത്. 120 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും 9 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ആതിഥേയര്‍ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

കോഹ്‍ലിയുമായി 133 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടി ചേര്‍ത്ത ശേഷം ദേവേന്ദ്ര ബിഷുവിനെ സിക്സര്‍ പറത്തുവാനുള്ള ശ്രമത്തിനിടയിലാണ് ഋഷഭ് പന്ത് പുറത്താകുന്നത്. അര്‍ഹമായ ശതകത്തിനു 8 റണ്‍സ് അകലെ പുറത്താകുമ്പോള്‍ 84 പന്തില്‍ നിന്നാണ് 8 ഫോറും 4 സിക്സും സഹിതം 92 റണ്‍സ് പന്ത് നേടിയത്.

തന്റെ 24ാം ശതകം പൂര്‍ത്തിയാക്കിയ വിരാട് കോഹ്‍ലി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ശതകങ്ങളുടെ എണ്ണത്തെയാണ് ഇന്നത്തെ രാജ്കോട്ട് ടെസ്റ്റ് ശതകത്തിലൂടെ മറികടന്നത്. 7 ബൗണ്ടറി മാത്രം ഇന്നിംഗ്സില്‍ നേടിയ കോഹ‍്‍ലി തന്റെ ഇന്നിംഗ്സില്‍ ഇതുവരെ സിക്സുകളൊന്നും നേടിയിട്ടില്ല.

വിന്‍ഡീസിനായി ഇന്ന് വീണ ഏക വിക്കറ്റ് വീഴ്ത്തിയത് ദേവേന്ദ്ര ബിഷുവാണ്. ബിഷുവിനു മത്സരത്തില്‍ ഇതുവരെ രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ ഷാനണ്‍ ഗബ്രിയേല്‍, റോഷ്ടണ്‍ ചേസ്, ഷെര്‍മന്‍ ലൂയിസ് എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍.

Exit mobile version