മാലിക്കിന്റെ മികവില്‍ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനു ഏഷ്യ കപ്പില്‍ ആവേശകരമായ ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനെ സൂപ്പര്‍ 4 മത്സരത്തില്‍ നേരിടാനിറങ്ങിയ പാക്കിസ്ഥാന് 3 പന്ത് ശേഷിക്കെയാണ് 3 വിക്കറ്റ് ജയം പിടിച്ചെടുത്തത്. ഇമാം-ഉള്‍-ഹക്ക്(80), ബാബര്‍ അസം(66) എന്നിവര്‍ക്കൊപ്പം ഷൊയ്ബ് മാലിക്കും(51*) അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ഒരുക്കിയ ശ്രമകരമായ ലക്ഷ്യം ആവേശകരമായ രീതിയില്‍ മറികടക്കുകയായിരുന്നു.

അവസാന മൂന്നോവറില്‍ 29 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്റെ വിജയ ശില്പിയെന്ന് വിശേഷിപ്പിക്കാവുന്നത് ഷൊയ്ബ് മാലിക് തന്നെയാണ്. 43 പന്തില്‍ നിന്നാണ് ഈ സീനിയര്‍ താരത്തിന്റെ 51 റണ്‍സ് ഇന്നിംഗ്സ്. വാലറ്റത്തില്‍ മാലിക്കിനൊപ്പമെത്തിയ താരങ്ങളും സമയോചിതമായി നേടിയ സിക്സറുകളും പാക്കിസ്ഥാന്‍ വിജയത്തിനു നിര്‍ണ്ണായകമായി.

ഫകര്‍ സമന്‍ പൂജ്യത്തിനു പുറത്തായ ശേഷം ബാബര്‍ അസവും ഇമാം-ഉള്‍-ഹക്കും ചേര്‍ന്ന് പതിഞ്ഞ തുടക്കമാണ് പാക്കിസ്ഥാനു നല്‍കിയത്. രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് മികച്ച കൂട്ടുകെട്ടുമായി പാക്കിസ്ഥാനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിനിടയില്‍ 80 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്ക് റണ്ണൗട്ടായത് പാക്കിസ്ഥാനു തിരിച്ചടിയായി.

തുടര്‍ന്ന് ബാബര്‍ അസമും ഏതാനും ഓവറുകള്‍ക്ക് ശേഷം പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 158/3 എന്ന നിലയിലായിരുന്നു. ഷൊയ്ബ് മാലിക്കിന്റെ ഒറ്റയാള്‍ പ്രകടനമാണ് പിന്നീട് അബു ദാബിയില്‍ കണ്ടത്. അവസാന നാലോവറില്‍ ജയത്തിനായി 39 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാനായി ക്രീസില്‍ ഷൊയ്ബ മാലിക്കും ആസിഫ് അലിയുമായിരുന്നു.

അടുത്ത ഓവര്‍ എറിയാനെത്തിയ റഷീദ് ഖാനെ സിക്സര്‍ പറത്തിയ ആസിഫ് അലിയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി റഷീദ് ഖാന്‍ പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അടുത്ത ഓവറില്‍ 11 റണ്‍സ് നേടി ഷൊയ്ബ് മാലിക്കും-മുഹമ്മദ് നവാസും ചേര്‍ന്ന് ലക്ഷ്യം 12 പന്തില്‍ 18 റണ്‍സായി കുറച്ച് പാക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കി.

റഷീദ് ഖാന്‍ മുഹമ്മദ് നവാസിനെ(10) 49ാം ഓവറില്‍ പുറത്താക്കിയെങ്കിലും തൊട്ടടുത്ത പന്തില്‍ സിക്സര്‍ പറത്തി ഹസന്‍ അലി ലക്ഷ്യം 8 പന്തില്‍ 10 റണ്‍സാക്കി കുറച്ചു. എന്നാല്‍ അടുത്ത രണ്ട് പന്തുകളില്‍ റണ്‍സ് വിട്ട് നല്‍കാതെ റഷീദ് ഖാന്‍ മത്സരം അവസാന ഓവറിലേക്ക് നയിച്ചു. അഫ്താബ് അലം എറിഞ്ഞ അവസാന ഓവറില്‍ സിക്സും ബൗണ്ടറിയും നേടി ഷൊയ്ബ് മാലിക് തന്റെ അര്‍ദ്ധ ശതകവും മൂന്ന് പന്ത് അവശേഷിക്കെ പാക്കിസ്ഥാനെ വിജയത്തിലേക്കും നയിച്ചു.