Rizwanaghasalman

തുടക്കം പതറിയെങ്കിലും പാക്കിസ്ഥാന് 7 വിക്കറ്റിന്റെ അനായാസ വിജയം

നെതര്‍ലാണ്ട്സിനെതിരെ 187 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 11 റൺസ് മാത്രമാണുണ്ടായിരുന്നത്. വിവിയന്‍ കിംഗ്മയാണ് ഇരുവരെയും പുറത്താക്കിയത്. അവിടെ നിന്ന് ബാബര്‍ അസം – മുഹമ്മദ് റിസ്വാ‍ന്‍ കൂട്ടുകെട്ടും അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ അഗ സൽമാനും ചേര്‍ന്ന് 33.4 ഓവറിൽ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

3 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ മറികടന്നത്. 69 റൺസുമായി മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അഗ സൽമാന്‍ 35 പന്തിൽ 50 റൺസ് നേടി ക്രീസിൽ വിജയ സമയത്ത് റിസ്വാനൊപ്പമുണ്ടായിരുന്നു. 57 റൺസുമായി ക്യാപ്റ്റന്‍ ബാബര്‍ അസമും നിര്‍ണ്ണായക സംഭാവന നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിന് വേണ്ടി ബാസ് ദേ ലീഡ് 89 റൺസും ടോം കൂപ്പര്‍ 66 റൺസും നേടുകയായിരുന്നു. മറ്റു താരങ്ങളാരും വലിയ സ്കോറുകള്‍ നേടാനാകാതെ പുറത്തായപ്പോള്‍ 44..1 ഓവറിൽ നെതര്‍ലാണ്ട്സ് 186 റൺസിൽ പുറത്തായി.

ഒരു ഘട്ടത്തിൽ 8/3 എന്ന നിലയിൽ നിന്നാണ് നെതര്‍ലാണ്ട്സ് തിരിച്ചുവരവ് നടത്തിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫും മൊഹമ്മദ് നവാസും മൂന്ന് വീതം വിക്കറ്റും നസീം ഷാ രണ്ട് വിക്കറ്റും നേടി.

Exit mobile version