ആന്ദ്രേ ഒനാന ഇനി ഇന്ററിന്റെ വല കാക്കും

കാമറൂൺ താരം ആന്ദ്രേ ഒനാനയെ ടീമിൽ എത്തിച്ച് ഇന്റർ മിലാൻ. മുപ്പത്തിയെഴുകാരനായ നിലവിലെ കീപ്പർ ഹന്റാനോവിചിന്റെ സ്ഥാനത്തേക്കാണ് അഞ്ചു വർഷത്തെ കരാറിൽ ഒനാനയെ ഇന്റർ കൊണ്ടുവരുന്നത്. ഫ്രീ ഏജന്റ് ആയിട്ടാണ് താരം ഇന്ററിൽ എത്തിയത്. ഇരുപത്തിയാറുകാരനുമായി ഇന്റർ മിലാൻ നേരത്തെ തന്നെ കരാറിൽ എത്തിയിരുന്നു. അയാക്സുമായുള്ള നിലവിലെ കരാർ അവസാനിച്ചതിന് പിന്നാലെ ഇന്റർ താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
20220701 223510
ആറു വർഷം അയക്സിനായി കളത്തിൽ ഇറങ്ങിയ ശേഷമാണ് ഒനാന കൂടുമാറാൻ തീരുമാനിച്ചത്. മൂന്ന് തവണ ടീമിനൊപ്പം ഡച്ച് ലീഗ് ചാംപ്യൻപട്ടം നേടാൻ സാധിച്ചു.നിരോധിത മരുന്ന് ഉപയോഗിച്ചതിന് 2021ൽ വിലക്ക് ഫിഫയുടെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്ക് കാലാവധി കുറച്ച് കളത്തിലേക്ക് തിരിച്ചു വന്നെങ്കിലും ആകെ പത്ത് മത്സരങ്ങളിൽ മാത്രമാണ് അവസാന സീസണിൽ ടീമിനായി ഇറങ്ങിയത്.

സാമുവൽ എറ്റുവിന്റെ ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഒനാന ഫുട്ബോൾ ജീവിതം ആരംഭിച്ചത്. തുടർന്ന് ബാഴ്‌സലോണ യൂത്ത് ടീമിന്റെ ഭാഗമായി. അഞ്ച് വർഷത്തിന് ശേഷം അയാക്സിലേക്ക് ചേക്കേറി. ഇരുന്നൂറോളം മത്സരങ്ങൾ അയാക്സിനായി വലകാത്ത ശേഷം ഇപ്പോൾ എറ്റുവിന്റെ മറ്റൊരു തട്ടകമായിരുന്ന ഇന്ററിലേക്ക് തന്നെ പോകാൻ ഒനാന തീരുമാനിക്കുകയായിരുന്നു. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കാമറൂണിനൊപ്പം മൂന്നാം സ്‌ഥാനം നേടാൻ ആയിരുന്നു. പുതിയ കരാർ അയാക്‌സ് മുന്നോട്ടു വെച്ചിരുന്നെങ്കിലും ടീം വിടാൻ തന്നെയായിരുന്നു താരത്തിന്റെ തീരുമാനം.

ഇന്ററിന്റെ മുതിർന്ന താരം ഹന്റാനോവിക് ഒരു വർഷത്തേക്ക് കൂടി ടീമിൽ തുടരുന്നുണ്ടെങ്കിലും ഒനാന തന്നെ ആവും ഇനി ടീമിന്റെ ആദ്യ കീപ്പർ.