മൂന്നു തവണ തന്റെ തന്നെ ഒളിമ്പിക് റെക്കോർഡ് തകർത്തു റയാൻ ക്രൗസർ, ഷോട്ട് പുട്ടിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക് സ്വർണം

ഷോട്ട് പുട്ടിൽ തന്റെ അപ്രമാദിത്വം വീണ്ടും അരക്കിട്ടു ഉറപ്പിച്ചു അമേരിക്കൻ താരം റയാൻ ക്രൗസർ. ഇൻഡോർ, ഔട്ട്ഡോർ ലോക റെക്കോർഡുകൾ സ്വന്തമായുള്ള റയാൻ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം സ്വന്തം പേരിൽ കുറിച്ചു. 2016 ഒളിമ്പിക്‌സിൽ താൻ തന്നെ സ്ഥാപിച്ച റെക്കോർഡ് ഇന്ന് 2 തവണ തകർത്താണ് ഇത്തവണ അമേരിക്കൻ താരം സ്വർണം സ്വന്തമാക്കിയത്. എറിഞ്ഞ ആറു എറിയും 22 മീറ്ററിന് മുകളിൽ എറിഞ്ഞ റയാൻ രണ്ടാം എറിയിൽ തന്റെ 2016 ലെ റെക്കോർഡ് മറികടന്നു 22.93 മീറ്റർ എന്ന ദൂരം താണ്ടി.

എന്നാൽ അതിലും തൃപ്തി വരാത്ത അമേരിക്കൻ താരം ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 23.30 മീറ്റർ എറിഞ്ഞു ഒരിക്കൽ കൂടി തന്റെ തന്നെ ഒളിമ്പിക് റെക്കോർഡ് തകർത്തു. തന്റെ 5 എറിയും എതിരാളികളുടെ ഏറ്റവും മികച്ച ദൂരത്തിലും കൂടുതൽ കണ്ടത്താനും റയാനു സാധിച്ചു. തന്റെ നാലാം ശ്രമത്തിൽ 22.65 മീറ്റർ എറിഞ്ഞ അമേരിക്കയുടെ തന്നെ ജോ കൊവാക് ആണ് വെള്ളി മെഡൽ നേടിയത്. റിയോയിലും 2019 ലെ ലോക ചാമ്പ്യൻ ആയ താരം വെള്ളി മെഡൽ നേടിയിരുന്നു. അവസാന ശ്രമത്തിൽ 22.47 മീറ്റർ എറിഞ്ഞ ന്യൂസിലാൻഡ് താരം ടോം വാൽഷിനു ആണ് ഈ ഇനത്തിൽ വെങ്കലം.

Exit mobile version