ഒളിമ്പിക്‌സ് പകുതിയാവുമ്പോൾ ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന, അമേരിക്ക ഇപ്പോഴും മൂന്നാമത്

20210731 211849

ഒളിമ്പിക്‌സ് എട്ടാം ദിനവും മെഡൽ നിലയിൽ ഒന്നാമത് തുടർന്ന് ചൈന. ഇന്ന് രണ്ടു സ്വർണം കൂടി തങ്ങൾക്ക് കൂട്ടിച്ചേർത്ത ചൈന ബാഡ്മിന്റണിൽ ഉറപ്പിച്ച സ്വർണം കൈവിടുകയും ചെയ്തു. നിലവിൽ 21 സ്വർണവും 13 വെള്ളിയും 12 വെങ്കലവും സ്വന്തമായുള്ള ചൈനക്ക് 46 മെഡലുകൾ ആണ് ഉള്ളത്. അതേസമയം ഇന്നും രണ്ടാം സ്ഥാനം നിലനിർത്താൻ ജപ്പാന് സാധിച്ചു. സ്വർണം ഒന്നും നേടാൻ ആതിഥേയർക്ക് ഇന്ന് ആയില്ലെങ്കിലും 17 സ്വർണവും 5 വെള്ളിയും 8 വെങ്കലവും അടക്കം 30 മെഡലുകളുമായി അവർ തന്നെയാണ് നിലവിൽ രണ്ടാമത്. അത്ലറ്റിക്സിൽ ഇന്ന് ഉറപ്പിച്ച 4×400 മീറ്റർ മിക്സഡ് റിലെയിൽ വെങ്കലം കൊണ്ട് ഒതുങ്ങിയ അമേരിക്കക്ക് നീന്തൽ കുളത്തിൽ സൂപ്പർ താരങ്ങളായ ലഡെക്കി, ഡ്രസൽ എന്നിവർ സ്വർണം സമ്മാനിച്ചു എങ്കിലും രണ്ടാം സ്ഥാനത്തേക്ക് എത്താൻ ആയില്ല.

നിലവിൽ 16 സ്വർണം, 17 വെള്ളി, 13 വെങ്കലം എന്നിവ അടക്കം 46 മെഡലുകൾ ആണ് അമേരിക്കക്ക് ഉള്ളത്. നീന്തലിലെ അവസാന ദിവസമായ നാളെ പരമാവധി സ്വർണം കയ്യിലാക്കാൻ ആവും അമേരിക്കൻ ശ്രമം, ഒപ്പം അത്ലറ്റിക്സിലും അവർക്ക് വലിയ പ്രതീക്ഷയുണ്ട്. 11 സ്വർണവുമായി റഷ്യൻ ഒളിമ്പിക് കമ്മിറ്റിയും നീന്തൽ കുളത്തിലെ പ്രകടന മികവിൽ 10 സ്വർണവുമായി ഓസ്‌ട്രേലിയയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. 8 സ്വർണവുമായി ബ്രിട്ടൻ ആറാം സ്ഥാനത്തും. ഇന്ന് വനിത 100 മീറ്ററിൽ മെഡലുകൾ മൂന്നും തൂത്ത് വാരിയ ജമൈക്ക ടോക്കിയോയിൽ തങ്ങളുടെ ആദ്യ മെഡലുകൾ നേടിയപ്പോൾ പുരുഷന്മാരുടെ 96 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഒളിമ്പിക് റെക്കോർഡ് നേട്ടവുമായി സ്വർണം നേടിയ ഫറസ് ഇബ്രാഹിം ഖത്തറിനും അവരുടെ ആദ്യ മെഡൽ സമ്മാനിച്ചു. വ്യക്തിഗത നേട്ടങ്ങളിൽ നീന്തൽ കുളത്തിൽ നാലു ഇനങ്ങളിലായി മൂന്നാം തന്റെ മൂന്നാം സ്വർണം അമേരിക്കൻ നീന്തൽ താരം കാലബ് ഡ്രസൽ സ്വന്തമാക്കി. നിലവിൽ കൊറിയൻ അമ്പയ്ത്ത് താരം ആൻ സാനിനും മൂന്നു സ്വർണ മെഡലുകൾ ഉണ്ട്. നാളെ മത്സരിക്കുന്ന രണ്ടു ഇനങ്ങളിലും സ്വർണം നേടി സ്വർണ നേട്ടം അഞ്ച് ആക്കാൻ ആവും ഡ്രസലിന്റെ ശ്രമം. അതേസമയം നിലവിൽ ലഭിച്ച ഒരു വെള്ളി മെഡലുമായി ഇന്ത്യ അറുപതാം സ്ഥാനത്ത് ആണ്.

Previous articleഅയാക്സ് യുവതാരത്തിന് വാഹന അപകടത്തിൽ ദാരുണാന്ത്യം
Next articleസതീഷ് കുമാര്‍ നാളെ ഇറങ്ങുക സംശയത്തിലെന്ന് സൂചന, താരത്തിന്റെ പങ്കാളിത്തം ഡോക്ടര്‍മാരുടെ തീരുമാനം അനുസരിച്ച്