യുദ്ധം വിഴുങ്ങുന്ന സിറിയയിൽ നിന്നു പന്ത്രണ്ടാം വയസ്സിൽ ഒളിമ്പിക്സിന്റെ വലിയ വേദിയിലേക്ക്!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കായിക വേദികൾ ഒളിമ്പിക്സ് വേദികൾ ശ്രദ്ധേയമാവുന്നത് അതിന്റെ വിജയികളെയും പരാജിതരെയും കൊണ്ട് മാത്രമല്ല ഒപ്പം അത് പറയുന്ന അവിശ്വസനീയം എന്നു തോന്നുന്ന കഥകൾ കൊണ്ടു കൂടിയാണ്. അത്തരം ഒരു കഥയാണ് ആഭ്യന്തര യുദ്ധവും തീവ്രവാദവും എല്ലാം ചേർന്നു സമീപകാലത്ത് യുദ്ധത്തിലൂടെ നരക സമാനമായ സിറിയയിൽ നിന്നു ടോക്കിയോ ഒളിമ്പിക്‌സിന്റെ വലിയ വേദിയിൽ എത്തിയ ഹെന്ത് സാസ എന്ന 12 കാരി ടേബിൾ ടെന്നീസ് താരം. ഉത്ഘാടന ചടങ്ങിൽ സിറിയയുടെ പതാക വാഹക കൂടിയായ സാസ പറയുന്ന കഥ ഉറപ്പായിട്ടും ഏതൊരാൾക്കും പ്രചോദനം നൽകുന്ന ഒന്നു തന്നെയാണ്. 2009 ൽ സിറിയയിലെ ഹമ നഗരത്തിൽ ജനിച്ച സാസ ജീവിതകാലം മൊത്തം ജീവിച്ചത് യുദ്ധത്തിന്റെ കെടുതിയിൽ തന്നെയാണ്. സിറിയൻ ജനതക്ക് സന്തോഷം പകരാൻ ആണ് താൻ ഒളിമ്പിക് സ്വപ്നം യാഥാർത്ഥ്യം ആക്കിയെത് എന്നു സാസ പറയുന്നുണ്ട്. ജോർദാനിൽ നടന്ന പടിഞ്ഞാറൻ ഏഷ്യ ഒളിമ്പിക് യോഗ്യതയിൽ ജയിച്ച് ആണ് വെറും പന്ത്രണ്ടാം വയസ്സിൽ സാസ ഒളിമ്പിക് യോഗ്യത നേടുന്നത്. ടോക്കിയോയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.

ഒളിമ്പിക് ടേബിൾ ടെന്നീസ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയ സാസ സിറിയയിൽ നിന്നു ഒളിമ്പിക്‌സിൽ ടേബിൾ ടെന്നീസ് കളിക്കാൻ യോഗ്യത നേടുന്ന രണ്ടാമത്തെ മാത്രം താരമാണ്. ആധുനിക ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരം ആയ സാസ 1968 നു ശേഷം ഒളിമ്പിക്സിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്. സിറിയയിൽ അത്ഭുതം കാണിച്ച ശേഷം ആണ് സാസ ഒളിമ്പിക്‌സിൽ ഇന്ന് ഇറങ്ങിയത്. എതിരാളി ആവട്ടെ തന്റെ അമ്മ ആവാൻ പ്രായമുള്ള 27 വയസ്സ് പ്രായ വ്യത്യാസം ഉള്ള 2000 മുതൽ എല്ലാ ഒളിമ്പിക്സിലും കളിച്ച ചൈനീസ് വംശജയായ ഓസ്ട്രിയൻ താരം ലിയു ജിയായും. 4-11, 9-11, 3-11, 5-11 എന്ന നേരിട്ടുള്ള സ്കോറിന് പരാജയം വഴങ്ങിയെങ്കിലും തന്റെ മികവ് പലപ്പോഴും പ്രകടിപ്പിക്കാൻ സാസക്ക് മത്സരത്തിനു ഇടയിൽ സാധിച്ചു. സാസയെ മത്സരശേഷം അഭിനന്ദിക്കാനും എതിരാളി മറന്നില്ല.

മത്സരശേഷം സിറിയയൻ ജനതക്ക് ആയി മത്സരം തുടരും എന്നു പറഞ്ഞ സാസ താൻ ഒരിക്കലും ടേബിൾ ടെന്നീസ് കളിക്കുന്നത് നിർത്തില്ല എന്നും കൂട്ടിച്ചേർത്തു. തന്റെ ജീവിതം മൊത്തം ടേബിൾ ടെന്നീസ് ആണെന്ന് പറഞ്ഞ സാസ ടേബിൾ ടെന്നീസ് കഴിഞ്ഞാൽ പഠനത്തിൽ ആണ് തന്റെ ശ്രദ്ധ എന്നും വ്യക്തമാക്കി. നല്ല ഭാവിക്ക് ആയാണ് തന്റെ പരിശ്രമം എന്നു പ്രഖ്യാപിച്ച 12 കാരി ടേബിൾ ടെന്നീസിൽ ഒളിമ്പിക്, ലോക ജേതാവ് ആവുക എന്നതിന് ഒപ്പം ഒരു അഭിഭാഷകനോ ഫാർമസിസ്റ്റോ ആവലും തന്റെ ലക്ഷ്യം ആണെന്ന് കൂട്ടിച്ചേർത്തു. ടേബിൾ ടെന്നീസ് ആണ് തന്നെ ക്ഷമയുള്ള ആത്മാഭിമാനം ഉള്ള മികച്ച മനുഷ്യൻ ആവാൻ സഹായിച്ചത് എന്നു വ്യക്തമാക്കിയ സാസ ടേബിൾ ടെന്നീസിലൂടെ തന്റെയും കായിക മത്സരങ്ങളിലൂടെ സിറിയൻ താരങ്ങളുടെയും ലക്ഷ്യം യുദ്ധത്തിൽ കഷ്ടത അനുഭവിക്കുന്ന സിറിയൻ ജനതക്ക് സന്തോഷം പകരുക ആണെന്നും വ്യക്തമാക്കി. 12 വയസ്സിൽ സാസ ഒളിമ്പിക്‌സിൽ തുടങ്ങിയ സ്വപ്ന സഞ്ചാരം വരും വർഷങ്ങളിൽ പുതിയ ഉയരങ്ങളും ആകാശവും കീഴടക്കട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം.