സ്വപ്നങ്ങളും പ്രതീക്ഷയും തിരികെ തന്ന 17 ദിനങ്ങൾ, നന്ദി ടോക്കിയോ! ഇനി 2024 പാരീസിലേക്കുള്ള കാത്തിരിപ്പ്

Screenshot 20210808 181807

കോവിഡ് മഹാമാരി കാലത്തെ ദുസ്വപ്നങ്ങളിൽ നിന്നു ലോകത്തെ ഒന്നിപ്പിച്ചു നിർത്തിയ 17 ദിനങ്ങൾക്ക് ശേഷം ടോക്കിയോ ഒളിമ്പിക്‌സിനു പ്രൗഢഗംഭീരമായ പര്യവസാനം. ജപ്പാൻ സംസ്കാരവും കലയും സാങ്കേതിക പുരോഗതിയും ആഘോഷമാക്കിയ സമാപന ചടങ്ങും അതിഗംഭീരം തന്നെയായിരുന്നു. കോവിഡ് മൂലം ഒരു കൊല്ലം നീട്ടിവച്ചിട്ടും കാണികൾക്ക് പ്രവേശനം ഇല്ലാതിരുന്നിട്ടും ടോക്കിയോ ഒളിമ്പിക്സ് അവിസ്മരണീയമായ അനുഭങ്ങൾ തന്നെയാണ് സമ്മാനിച്ചത്. നീന്തൽ കുളത്തിലും ട്രാക്കിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും അടക്കം എത്ര അവിസ്മരണീയമായ കാഴ്ചകൾ. വിജയിയുടെ ചിരിയും പരാജിതന്റെ കണ്ണീരിനും ഒപ്പം സൗഹൃദത്തിന്റെ മനുഷ്യ സ്നേഹത്തിന്റെ നിമിഷങ്ങൾ ആയിരുന്നു ഒളിമ്പിക് മൈതാനത്ത് കൂടുതൽ പ്രകടമായത്. Screenshot 20210808 181506

ഒന്നു നഗരം പോലും കാണാൻ ആവാതെ കടുത്ത കോവിഡ് നിയന്ത്രങ്ങൾക്ക് ഇടയിലും താരങ്ങൾ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകുന്നതിനും ടോക്കിയോ സാക്ഷിയായി. ഒളിമ്പിക്സ് വളണ്ടിയർമാരെ ആദരിച്ച ചടങ്ങിൽ ജപ്പാന് ഹൃദയത്തിന്റെ ഭാഷയിൽ ആണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് നന്ദി പറഞ്ഞത്. ഒളിമ്പിക്സ് റദ്ദാക്കണം എന്ന മുറവിളിക്ക് ഇടയിലും ഒളിമ്പിക്സ് വിജയകരമായി നടത്താൻ ജപ്പാൻ തീർത്തും ജയം കണ്ടു എന്നത് ആണ് വാസ്തവം. ഇത്രയും മികച്ച പ്രകടനങ്ങൾ നടത്താൻ താരങ്ങൾക്ക് ആയത് ഒരുമിച്ച് നിന്നത് കൊണ്ടാണ്‌ എന്നു പറഞ്ഞ തോമസ് ബാക് ടോക്കിയോ ഒളിമ്പിക്സ് ലോകത്തിനു തിരിച്ചു നൽകിയത് പുതിയ പ്രതീക്ഷ ആണെന്നും പറഞ്ഞു. ഒരുമയുടെ പുതിയ സന്ദേശം നൽകാൻ കോവിഡിന് ശേഷം ലോകത്തെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കാൻ ടോക്കിയോ ഒളിമ്പിക്സിന് ആയെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങൾക്ക് വലിയ നന്ദിയാണ് ടോക്കിയോ ഒളിമ്പിക് പ്രതിനിധിയും പറഞ്ഞത്.

ഒടുവിൽ ഇനി 2024 ൽ പാരീസിൽ കാണാം എന്ന സന്ദേശം നൽകി ഒളിമ്പിക് പതാക താഴെയിറക്കി കൈമാറിയതോടെ 17 ദിവസത്തെ ലോക കായിക മാമാങ്കത്തിന് പര്യവസാനമായി. ആദ്യം ഒളിമ്പിക്സ് മാറ്റിവച്ച സമയത്തു സാമ്പത്തിക നഷ്ടം ഉണ്ടായിട്ടും പിന്നീട് കാണികൾ ഇല്ലാതെ വലിയ സാമ്പത്തിക താങ്ങേണ്ടി വന്നിട്ടും ചിലപ്പോൾ ലാഭം ഒട്ടും ലഭിക്കാതിരുന്നിട്ടും ജപ്പാൻ ഒളിമ്പിക്സ് നടത്തി വിജയിപ്പിച്ച രീതി പ്രശംസ അർഹിക്കുന്ന ഒന്നു തന്നെയാണ്. വിവാദങ്ങൾ കൂട്ട് വന്നിട്ടും തങ്ങളുടെ ആത്മവിശ്വാസവും മികച്ച പ്രവർത്തനവും ഒന്നു കൊണ്ടു മാത്രം ആണ് ജപ്പാൻ അത് സാധിച്ചെടുത്തത്. കോവിഡ് കാലത്തിനു ശേഷം ലോകത്തിന് വലിയ സന്തോഷം തിരികെ നൽകാൻ ടോക്കിയോ ഇങ്ങനെ വിജയിച്ചു എന്നതിൽ ഒരു സംശയവും ഇല്ല, നന്ദി ടോക്കിയോ! ഇനി 2024 പാരീസ് ഒളിമ്പിക്സിന് ആയുള്ള കാത്തിരിപ്പ്.

Previous articleഅഗ്വേറോക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്
Next articleഎന്ത് വില നൽകിയാലും ലൗട്ടാരോ മാർട്ടിനെസിനെ വിൽക്കില്ല എന്ന് ഇന്റർ മിലാൻ