Site icon Fanport

മാഞ്ചസ്റ്റർ ചുവപ്പിച്ച് ഒലെയുടെ ചെമ്പട!! ഗ്വാർഡിയോള വീണ്ടും ഒലെയ്ക്ക് മുന്നിൽ തന്ത്രങ്ങൾ മറന്നു!!

മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ചുവന്നു, ഈ സീസണിൽ മൂന്നാം തവണയും ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ മാഞ്ചസ്റ്റർ സിറ്റിയും ഗ്വാർഡിയോളയും തകർന്നടിഞ്ഞു. ഇന്ന് പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. 10 വർഷത്തിനു ശേഷം പ്രീമിയർ ലീഗിൽ സിറ്റിക്കു മേൽ ഡബിൾ നേട്ടം നേടാനും യുണൈറ്റഡിന് ഇതോടെയായി.

ഇന്ന് തുടക്കം മുതൽ സിറ്റിയെ മികച്ച ടാക്ടിക്സിലൂടെ ഒലെ പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ ബ്രൂണോയുടെ ബുദ്ധിയാണ് യുണൈറ്റഡിന് ആദ്യ ഗോൾ നൽകിയത്. ബ്രൂണോ സിറ്റി ഡിഫൻസിനെ കബളിപ്പിച്ച് മാർഷ്യലിനെ കണ്ടെത്തി. മാർഷ്യലിന്റെ വോളി എഡേഴ്സണ് തടയാനായില്ല. മാർഷ്യലിന്റെ സീസണിലെ 16ആം ഗോളായിരുന്നു ഇത്. ആ ലീഡ് നന്നായി കളിയുടെ അവസാനം വരെ പ്രതിരോധിക്കാൻ യുണൈറ്റഡിനായി. ഇടയ്ക്കിടെ കൗണ്ടറിലൂടെ നല്ല അവസരങ്ങളും യുണൈറ്റഡ് സൃഷ്ടിച്ചു.

രണ്ടാം പകുതിയുടെ അവസാനം സമനിലയ്ക്കായി ശ്രമിക്കുന്നതിനിടെ എഡേഴ്സന്റെ ഒരു ത്രോ പിഴച്ചു. അത് മുതലെടുത്ത് 40വാരെ അകലെ നിന്ന് മക്ടോമിനെ ഫസ്റ്റ് ടച്ച് ഷോട്ടിൽ വലകുലുക്കി. യുണൈറ്റഡിന്റെ വിജയവും . ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 29 മത്സരങ്ങളിൽ നിന്ന് 45 പോയന്റിൽ എത്തി. ഇപ്പോഴും നാലാമതുള്ള ചെൽസിയേക്കാൾ 2 പോയന്റ് പിറകിലാണ് യുണൈറ്റഡ്.

Exit mobile version