ഒലെ തന്നെ മാഞ്ചസ്റ്റർ ചുവപ്പിനെ നയിക്കും!!! സ്ഥിര പരിശീലകനായി കരാർ!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി പരിശീലകൻ ആരെന്ന സംശയങ്ങൾക്ക് അവസാനമായി. ഒലെ ഗണ്ണാർ സോൾഷ്യാറിനെ സ്ഥിര പരിശീലകനായി നിയമിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. താൽക്കാലിക പരിശീലകനായി എത്തിയ സോൾഷ്യാർ നടത്തി അത്ഭുത മാറ്റങ്ങളാണ് സ്ഥിര പരിശീലകന്റെ ചുമതല സോൾഷ്യാറിന് നേടിക്കൊടുത്തത്. മൂന്നു വർഷത്തെ കരാറിൽ ആണ് ഒലെ ഒപ്പുവെച്ചത്.

ജോസെ മൗറീനോയുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒലെ മാഞ്ചസ്റ്ററിന്റെ കെയർ ടേക്കർ ആയി എത്തിയത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ആരാധകരുടെ പ്രിയപ്പെട്ട ഇതിഹാസവുമായ ഒലെ ടീമിന്റെ പ്രകടന‌ങ്ങൾ ആകെ മാറ്റി. വിജയങ്ങൾ തുടർക്കഥയാക്കുന്ന ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെയ്ക്ക് കീഴിൽ മാറി. ലീഗിൽ ഒരു പരിശീലകന്റെ ഏറ്റവും വലിയ തുടക്കത്തിന്റെ റെക്കോർഡ് വരെ ഒലെ തിരുത്തി എഴുതി.

ചെറു ടീമുകൾക്ക് മുന്നിൽ വരെ തപ്പിതടഞ്ഞിരുന്ന മാഞ്ചസ്റ്ററിൽ നിന്ന് മാറി ചെൽസിയെയും ആഴ്സണലിനെയും ടോട്ടൻഹാമിനെയും അവരുടെ തട്ടകത്തിൽ കയറി വീഴ്ത്തുന്ന ടീമായി യുണൈറ്റഡിനെ ഒലെ മാറ്റി. പി എസ് ജിക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ നടത്തിയ ചരിത്രത്തിൽ ഇല്ലാത്ത തിരിച്ചുവരവ് ഒലെ തന്നെ ആകണം തങ്ങളെ നയിക്കേണ്ടത് എന്ന് ആരാധകരെയും കളിക്കാരെയും കൊണ്ട് പറയിപ്പിച്ചു.

ഫോമില്ലാതെ വിഷമിക്കുകയായിരുന്നു സൂപ്പർ താരം പോഗ്ബയെ മികവിലേക്ക് കൊണ്ടുവരാനും ടീമിന്റെ ഡിഫൻസിനെ ശക്തിപ്പെടുത്താനും ഒപ്പം അറ്റാക്കിംഗ് ഫുട്ബോളിലേക്ക് യുണൈറ്റഡിനെ തിരികെ കൊണ്ടുവരാനും ഒലെയ്ക്ക് ആയി. ഇതൊക്കെ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് പരിശീലക സ്ഥാനം സ്ഥിരമാക്കി കൊടുത്തത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറും പ്രീമിയർ ലീഗിലെ ആദ്യ നാലിൽ എത്തുക എന്നതും ആകും ഒലെയുടെ ഇനി മുന്നിൽ ഉള്ള ആദ്യ കടമ്പകൾ.

Exit mobile version