ഒചോവ, അന്നും ഇന്നും മെക്സിക്കോയുടെ രക്ഷകൻ

- Advertisement -

ഒചോവ എന്ന ഗോൾകീപ്പർക്ക് ലോകത്തിലെ മികച്ചവനാണ് താൻ എന്ന വാദമോ ഒന്നുമില്ല. പക്ഷെ മെക്സിക്കോയുടെ ജേഴ്സി അണിഞ്ഞാൽ ലോകോത്തര താരങ്ങൾ ആര് മുന്നിൽ വന്നാലും ഒചോവയെ മറികടക്കാൻ കഷ്ടപ്പെടും. നാലു വർഷങ്ങൾക്ക് മുമ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ അത് അറിഞ്ഞതാണ്. എത്ര ആക്രമിച്ചിട്ടും ഒചോവയുടെ ഗോൾമുഖം ഭേദിക്കാൻ ബ്രസീലിന് അന്നായില്ല.

ഇന്ന് ജർമ്മനിക്കും അതേ വിധിയാണ്. ഇന്ന് ഒചോവ നടത്തിയത് ഒമ്പതു സേവുകളാണ്. റഷ്യൻ ലോകകപ്പിൽ ഇതുവരെ ആരും ഇത്ര രക്ഷപ്പെടുത്തലുകൾ നടത്തിയിട്ടില്ല. 6 സേവുകൾ ഉള്ള ഐസ്ലന്റ് കീപ്പർ ഹാൾഡോർസണെയും ഡാനിഷ് കീപ്പറ് കാസ്പർ ഷിമെക്കളിനെയുമാണ് ഒചോവ പിന്നിലാക്കിയിരിക്കുന്നത്. ഒചോവയുടെ ഇന്നത്തെ സേവുകളിൽ എണ്ണം പറഞ്ഞ ഒരു ടോപ് കോർണർ സേവും ഉണ്ടായിരുന്നു‌ ക്രൂസിന്റെ ഷോട്ട് ഫുൾ സ്ട്രച്ചിൽ ചാടിയാണ് ഒചോവ രക്ഷപ്പെടുത്തിയത്.

ഒരു ലോകകപ്പ് മത്സരത്തിൽ 9 സേവുകൾ എന്നത് മെക്സിക്കോയുടെ ലോകകപ്പ് ചരിത്രത്തിലെയും റെക്കോർഡാണ്. 1966 മുതൽ ഇങ്ങോട്ട് ഇതുവരെ ഒരു ഗോൾകീപ്പറും 9 സേവുകൾ മെക്സിക്കോയ്ക്കായി ഒരു മത്സരത്തിൽ ചെയ്തിട്ടില്ല. ഇതുകൂടാതെ ജർമ്മനിക്കും ബ്രസീലിനുമെതിരെ ലോകകപ്പിൽ ക്ലീൻഷീറ്റ് സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഗോൾകീപ്പറായും മാറിയിരിക്കുകയാണ് ഒചോവ. പോളണ്ടിന്റെ പഴയ ഗോൾകീപ്പർ യാ തൊമസേസ്കി ആണ് 1974ലും 78ലുമായി ഈ നേട്ടത്തിൽ മുമ്പ് എത്തിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement