ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍

- Advertisement -

അയര്‍ലണ്ടിനെതിരെ നേടിയ 490 റണ്‍സിന്റെ ബലത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍. 2002ല്‍ ഓസ്ട്രേലിയന്‍ U19 ടീം കെനിയയ്ക്കെതിരെ നേടിയ 480 റണ്‍സിന്റെ സ്കോറിനെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ ന്യൂസിലാണ്ട് വനിതകള്‍ മറികടന്നത്. സൂസി ബെയ്റ്റ്സ്, മാഡി ഗ്രീന്‍ എന്നിവര്‍ നേടിയ ശതകങ്ങളും അമേലിയ കെര്‍, ജെസ് വാറ്റ്കിന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുമാണ് ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. സീനിയര്‍ വിഭാഗത്തില്‍ നേരത്തെ റെക്കോര്‍ഡ് ന്യൂസിലാണ്ട് വനിതകളുടെ പേരില്‍ തന്നെയായിരുന്നു.  പാക്കിസ്ഥാനെതിരെ 1997ല്‍ നേടിയ 455/5 എന്ന റെക്കോര്‍ഡാണ് മുമ്പ് ന്യൂസിലാണ്ട് വനിതകളുടെ പേരില്‍ സീനിയര്‍ വിഭാഗത്തിലുണ്ടായിരുന്നത്.

94 പന്തില്‍ നിന്ന് 151 റണ്‍സാണ് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സ് നേടിയത്. മാഡി ഗ്രീന്‍(77 പന്തില്‍ 121 റണ്‍സ്), അമേലിയ കെര്‍(45 പന്തില്‍ 81 റണ്‍സ് നേടി പുറത്താകാതെ), ജെസ് വാറ്റ്കിന്‍(62) എന്നിവരാണ് ന്യൂസിലാണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. 4 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement