രാഹുലിന് ലോകോത്തര ഗോൾ, മുംബൈയെ വിറപ്പിച്ച് ഇന്ത്യൻ ആരോസ് കീഴടങ്ങി

സൂപ്പർ കപ്പിൽ അങ്ങനെ അവസാനം ഒരു ഐ എസ് എൽ ക്ലബിന് വിജയം. ഐ ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്ത്യൻ ആരോസിന്റെ കുട്ടികളെ നേരിട്ട മുംബൈ സിറ്റി എക്സ്ട്രാ ടൈം വരെ‌ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം.

തന്റെ ജന്മദിനത്തിൽ മലയാളി താരം കെ പി രാഹുൽ നേടിയ ലോകോത്തര ഗോളോടെ ഇന്ത്യൻ ആരോസാണ് കളിയിൽ ആദ്യം ലീഡ് എടുത്തത്. ഡെനീസ് ബെർഗ്കാമ്പിനെ ഓർമിപ്പിച്ച ഫസ്റ്റ് ടച്ചിനു ശേഷമായിരുന്നു രാഹുലിന്റെ ഗോൾ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രാഹുൽ ഗോൾ നേടിയത്. 

രണ്ടാമത്തെ ഗോൾ നേടാനുള്ള മികച്ച അവസരം രാഹുലിന് ലഭിച്ചെങ്കിലും താരത്തിന്റെ ശ്രമം പോസ്റ്റിനു തൊട്ടുരുമ്മി പുറത്തു പോവുകയായിരുന്നു. ഒരു ഗോൾ വഴങ്ങിയതോടെ തുടരെ തുടരെ മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ച മുംബൈ പക്ഷെ ഗോൾ നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ആരോസ് വഴങ്ങിയ പെനാൾട്ടി മുംബൈയുടെ രക്ഷയ്ക്കെത്തി. എവർട്ടണെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി എമാന ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

സമനില കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു. എക്സ്ട്രാ ടൈമോടെ തീർത്തും ഹൂഫ് ബാൾ ടാക്ടിക്സിലേക്ക് മാറിയ മുംബൈ സിറ്റി ആരോസ് താരങ്ങൾ ഫിസിക്കലി കരുത്തരല്ല എന്നത് മുതലെടുക്കാൻ തുടങ്ങി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആ ടാക്ടിക്സ് ലക്ഷ്യം കണ്ടു. നീട്ടി ഉയർത്തി നൽകിയ പന്ത് ചെസ്റ്റിൽ സ്വീകരിച്ച് ഷോട്ട് ഉതിർത്ത എവർട്ടൺ സാന്റോസ് മുംബൈയുടെ ജയം ഉറപ്പിച്ച ഗോൾ നേടി.

പരാജയപ്പെട്ടെങ്കിലും തല ഉയർത്തിയാണ് ആരോസിന്റെ യുവതാരങ്ങൾ ഭുവനേശ്വരിൽ നിന്ന് മടങ്ങുന്നത്. ഇന്ന് വിജയിച്ച മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെയാണ് പ്രീക്വാർട്ടറിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial