ലോകത്തെ ഞെട്ടിക്കുമോ മൊറോക്കോ?

- Advertisement -

ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിന്റെ രണ്ടാം റൗണ്ട് കടക്കുന്നത് 1986 ൽ മൊറോക്കയിലുടെയാണ്, അതും ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഈ നേട്ടത്തിന്റെ വലിപ്പം അന്ന് മൊറോക്കോ കളിച്ച ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ അറിഞ്ഞാലെ ശരിക്ക് മനസ്സിലാക്കാനാവുകയുള്ളൂ. അന്ന് മൊറോക്കോ മറികടന്നത് ചില്ലറക്കാരെയൊന്നുമല്ല, ഇംഗ്ലണ്ട്, പോളണ്ട്, പോർച്ചുഗൽ എന്നീ യൂറോപ്യൻ വമ്പന്മാരെയായിരുന്നു. ഇന്ന് അതെ പോർച്ചുഗലിനൊപ്പം മറ്റൊരു യൂറോപ്യൻ വമ്പന്മാരായ സ്‌പെയിനിനൊപ്പം പുറത്താകലുറപ്പമെന്ന് ആളുകൾ ഉറപ്പിച്ച ഗ്രൂപ്പ് ബിയിലാണ് മൊറോക്കയുടെ സ്ഥാനം. എന്നാൽ മൊറോക്കയെ വില കുറച്ച് കാണുന്നവർ റഷ്യയിൽ വലിയ വില നൽകും എന്നത് ഉറപ്പാണ്. 1970 തിൽ ലോകകപ്പിൽ ആദ്യമായി പന്ത് തട്ടിയ ദ അറ്റ്ലസ് ലയൺസിന് ഇത് അഞ്ചാമത്തെ ലോകകപ്പാണ്. 1998 ലെ നിർഭ്യാഗ്യകരമായ പുറത്താകലിന് ശേഷം നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണവർ ലോകകപ്പിന് പന്ത് തട്ടാനിറങ്ങുക. ഫ്രഞ്ച് പരിശീലകൻ ഹെർവെ റെനാർഡിന്റെ ടീം റഷ്യയിൽ വെറുതെ വന്ന് പോവാൻ വന്നവരാകില്ലെന്നുറപ്പാണ്. 

റഷ്യക്ക് യോഗ്യത നേടിയ 31 ടീമുകളിൽ യോഗ്യത മത്സരങ്ങളിൽ ഒറ്റ ഗോൾ പോലും വഴങ്ങാത്ത ഏക ടീമാണ് മൊറോക്ക എന്നറിയുമ്പോഴാണ് അവരുടെ കരുത്തറിയുക. ആഫ്രിക്കയിൽ നിന്ന് ഗ്രൂപ്പ് സിയിൽ പരാജയമറിയാതെ കരുത്തരായ ഐവറി കോസ്റ്റിനെ മറികടന്നാണ് അവർ ലോകകപ്പിനെത്തുന്നത്. 11 ഗോളടിച്ച ടീം വഴങ്ങിയത് അതെ ശൂന്യം. മികച്ച പരിശീലകനും ടീമും മൊറോക്കക്കുണ്ട്. 2012 ൽ സാമ്പിയയെയും 2015 ൽ ഐവറി കോസ്റ്റിനേയും ആഫ്രിക്കൻ നാഷൻസ് കപ്പ് ജേതാക്കളാക്കിയ ഹെർവെ റെനാർഡ് മൊറോക്കോയുടെ സുവർണ്ണ തലമുറയെ വച്ച് ചരിത്രത്തിലാദ്യമായവർക്ക് ഈ കൊല്ലം ആഫ്രിക്കൻ നാഷൻസ് ചാമ്പ്യൻഷിപ്പ് നേടി കൊടുത്തു. അതും കരുത്തരായ നൈജീരിയയെ 4-0 ത്തിന് മറികടന്ന്. 4-5-1 എന്ന ഫോർമേഷനിൽ പ്രതിരോധത്തിൽ ഊന്നി മികച്ച ഫുട്ബോൾ പിന്തുടരുന്ന റെനാർഡിന്റെ ടീമിന് ലോകത്തെ ഞെട്ടിക്കാനുള്ള എല്ലാ കെൽപ്പുമുണ്ട് എന്നതാണ് വാസ്തവം. 

പ്രതിരോധമാണ് മൊറോക്കോയുടെ പ്രധാന ശക്തി. ക്യാപ്റ്റനും കഠിനാധ്വാനിയുമായ യുവന്റെസ് താരം മെദ്ഹി ബെനാറ്റിയ നയിക്കുന്ന പ്രതിരോധത്തിൽ പരിചയസമ്പത്തും യുവത്വവും ശക്തി പകരുന്നു. ബെനാറ്റിയക്കൊപ്പം കഴിഞ്ഞ വർഷം മൊണോക്കയെ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പരിചയ സമ്പന്നനായ നബിർ ദിറാറുമുണ്ട്. മധ്യനിരയിലും കളിക്കാനാവുന്ന ദിറാർ ഇപ്പോൾ ഫെതർബാച്ച താരമാണ്. അതോടൊപ്പം ഇവർക്ക് കൂട്ടായി റയൽ മാഡ്രിഡിന്റെ യുവതാരം അഷറഫ് ഹാകിമിയുമുണ്ട്. സീസണിൽ റയലിനായി 5 മത്സരം കളിച്ച ഹാകിമി ഭാവിയുടെ താരമായാണ് കണക്കാക്കപ്പെടുന്നത്. തന്റെ മൂല്യം ലോകകപ്പിൽ കാണിക്കാനാവും ഹാകിമി ശ്രമം. യോഗ്യത മത്സരങ്ങളിൽ ഒറ്റ ഗോളും വഴങ്ങാത്ത ഈ പ്രതിരോധം മറികടക്കാൻ റൊണോൾഡോ അടക്കം വിയർക്കേണ്ടി വരും എന്നുറപ്പാണ്.

അത്യാവശ്യം മികച്ച മധ്യനിരയാണ് മൊറോക്കോയുടേത്. പരിചയസമ്പന്നനും 2011/12 ൽ മോണ്ടപിള്ളറെ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച യോനസ് ബെൽഹോണ്ടയുടെ പ്രകടനം മൊറോക്കോക്ക് വളരെ പ്രധാനമാണ്. ക്രിയാത്മകമായി കളിക്കുന്ന മുൻ ഷാൽക്ക, നീസ് താരം ഇപ്പോൾ തുർക്കി ക്ലബ് ഗലാറ്റ്സ്ക്കോ താരമാണ്. ബെൽഹാണ്ടയെ പോലെ തന്നെ ക്രിയാത്മകതയുള്ള 24 കാരനായ അയാക്സ് താരം ഹകിം സിയെച്ചിനിലാവും പല യൂറോപ്യൻ വമ്പന്മാരുടേയും കണ്ണ്. സിയെച്ചിന് തിളങ്ങിയാൽ മൊറോക്കോ മുന്നേറ്റത്തിന് പണി എളുപ്പമാവും. ഒപ്പം വേഗവും, ട്രിബിളിങും കൈമുതലായുള്ള സൗത്താപ്റ്റൺന്റെ സൗഫിനെ ബൗഫലുമുണ്ട്. ആരാധകരെ ആവേശത്തിലാക്കുന്ന കളി ശൈലിയാണ് ബൗഫലിന്റേത്. ഒപ്പം നോർദിൻ അമ്രബാറ്റും ടീമിലുണ്ട്.

മുന്നേറ്റത്തിൽ ലേശം പിന്നിലാണ് മൊറോക്കോ എന്നതാണ് സത്യം. യോഗ്യത മത്സരങ്ങളിൽ 4 ഗോളടിച്ച ഖാലിദ് ബോത്തയ്യിബാണ് മൊറോക്കോയുടെ പ്രധാന മുന്നേറ്റനിര താരം. കഠിനാധ്വാനം കൈമുതലായുള്ള ടീമിൽ പരിചയസമ്പന്നരായ കരിം അൽ അഹ്മദി, മുബാറക് ബൗസോഫ എന്നിവർക്കൊപ്പം ക്യാപ്റ്റൻ മെഹ്ദി ബെനാറ്റിയ എന്നിവരുടെ കളി പരിചയവും മികവും മൊറോക്ക പ്രകടനത്തിൽ വളരെ നിർണ്ണായകമാണ്. എന്നാൽ അതികഠിനമായ ഗ്രൂപ്പിൽ ഉൾപ്പെട്ടു എന്ന നിർഭാഗ്യവും പല ആഫ്രിക്കൻ രാജ്യങ്ങളെ പോലെ താരങ്ങളുടെ അച്ചടക്കമില്ലായ്മയും മൊറോക്കോക്ക് തിരിച്ചടിയാവും. കോച്ച് ഹെർവെ റെനാർഡിനോട് മുമ്പ് തെറ്റിയ ഹകിം സിയെച്ച് ഈ അടുത്താണ് ടീമിൽ തിരിച്ചെത്തിയത്. അതേ പോലെ പുതുതായി സ്ഥാനമേറ്റെടുത്ത സൗത്താപ്റ്റൺ പരിശീലകൻ മാർക് ഹ്യൂഗ്സിനോട് അടുത്ത് കലഹിച്ച ബൗഫലും ടീമിന്റെ അച്ചടക്കമില്ലായ്മ കാണിക്കുന്നു.

താരങ്ങളെ നിലക്ക് നിർത്തി യോഗ്യതാ മത്സരങ്ങളിലെ കഠിനാധ്വാനവും മികവും മൊറോക്കോ റഷ്യയിലും തുടർന്നാൽ ഗ്രൂപ്പ് ബി മരണഗ്രൂപ്പ് ആകുമെന്നുറപ്പാണ്. എന്നാൽ സ്പെയിനും, പോർച്ചുഗലും, ഇറാനും അടങ്ങിയ ഗ്രൂപ്പിൽ നിന്ന് മൊറോക്കോയുടെ മുന്നോട്ടുള്ള പ്രയാണം അസാധ്യമല്ലെങ്കിലും പ്രയാസം തന്നെയാണ്. എങ്കിലും റഷ്യയിൽ സംഭവിക്കുന്ന വലിയ അട്ടിമറികൾ മൊറോക്കോ എന്ന ആഫ്രിക്കൻ കരുത്തന്മാരിൽ നിന്നായാൽ അത്ര ഞെട്ടേണ്ട വസ്തുതയല്ല എന്നത് തന്നെയാണ് വാസ്തവം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement