കളിമാത്രമല്ല കാര്യം, പൂജ്യത്തിലും തല ഉയർത്തി പെറുവും മൊറോക്കോയും പറയുന്നു

- Advertisement -

ഈ ലോകകപ്പിൽ കണ്ട ഏറ്റവും മികച്ച രണ്ട് ടീമുകളാണ് പെറുവും മൊറോക്കോയും. യൂറോപ്യൻ വമ്പന്മാരെ വരിഞ്ഞു കെട്ടിയ പ്രകടനങ്ങളായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പെറുവിന്റെയും മൊറോക്കോയിടെയും സമ്പാദ്യം. പക്ഷെ രണ്ട് മത്സരങ്ങൾ കഴിയുമ്പോഴേക്ക് തന്നെ ഈ രണ്ട് ടീമുകൾക്കും നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് കിട്ടി.

ഇറാനെതിരെയും പോർച്ചുഗലിനെതിരെയും ആദ്യം തൊട്ട് അവസാനം വരെ പന്ത് കയ്യിൽ വച്ചതും ആക്രമിച്ച് കളിച്ചതും മൊറോക്കോ ആയിരുന്നു. പക്ഷെ ഒരു കളിയുടെ അവസാനം വന്ന പിഴവും ഒരു കളിയുടെ ആദ്യം വന്ന പിഴവും മൊറോക്കോയെ തകർത്തു. ഇറാനെതിരെ, അർഹിക്കാത്ത ഒരു സെൽഫ് ഗോളാണ് അവസാന നിമിഷം മൊറോക്കോ ഹൃദയം തകർത്തത്‌. പോർച്ചുഗലിനെതിരെ ആകട്ടെ മൂന്നാം മിനുട്ടിൽ ക്രിസ്റ്റാനോ റൊണാൾഡോയുടെ മികവിൽ മുട്ട് കുത്തിയതും വിനയായി. ഒരു പക്ഷെ വേറൊരു ഗ്രൂപ്പ് ആയിരുന്നു എങ്കിൽ നോക്കൗട്ട് റൗണ്ടെത്താതെ മൊറോക്കോ മടങ്ങില്ലായിരുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച ടീമായ ഇറാനും യൂറോപ്പിലെ വൻ ശക്തികളായ സ്പെയിനും പോർച്ചുഗലും ആയിപ്പോയി മൊറോക്കോയുടെ ഗ്രൂപ്പിലെ എതിരാളികൾ. ലോകകപ്പിലേക്ക് വരുമ്പോൾ 19 മത്സരങ്ങളുടെ അപരാജിത റെക്കോർഡുമായായിരുന്നു മൊറോക്കോ വന്നത് എന്നതും കൂടി ഓർത്താൽ ഈ ലോകകപ്പ് പ്രകടനങ്ങൾ വെറും അത്ഭുതങ്ങൾ അല്ല എന്നും മനസ്സിലാക്കാം.

പെറുവിന്റെ കാര്യവും മൊറോക്കോയുടെതിന് സാമ്യമാണ്. ആദ്യ മത്സരത്തിൽ തുടക്കത്തിൽ കിട്ടിയ പെനാൾട്ടി കളഞ്ഞില്ലായിരുന്നു എങ്കിൽ പെറുവിന്റെ വിധി വേറെ ആയേനെ. ക്യാപ്റ്റൻ ഗുറേറോയെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറക്കാത്തതിനും പെറു വില കൊടുക്കേണ്ടി വന്നു. ഡെന്മാർക്കിനെതിരെ ആയാലും ഇന്ന് ഫ്രാൻസിനെതിരെ ആയാലും പെറു തന്നെ ആയിരുന്നു കളി നിയന്ത്രിച്ചത്. ഫ്രാൻസിന്റെ താര സമ്പത്ത് മാത്രമാണ് അവർക്ക് ഇന്ന് വിജയം നേടിക്കൊടുത്തത് എന്ന് പറയാം.

രണ്ട് നിമിഷത്തേക്ക് പോഗ്ബ മികവിലേക്ക് ഉയർന്നതായിരുന്നു പെറു വഴങ്ങിയ ഗോളിൽ കലാശിച്ചത്. ആ ഗോളിനപ്പുറം ഫ്രഞ്ച് നിരയ്ക്ക് പെറുവിനെ കാര്യമായി പരീക്ഷിക്കാൻ വരെ ആയിരുന്നില്ല. എന്തായാലും ഈ ലോകകപ്പിൽ ഈ രണ്ട് ടീമുകൾ ആരെങ്കിലും ഒരു പോയന്റ് പോലും നേടാതെ ആണ് മടങ്ങുന്നത് എങ്കിൽ. ലോകകപ്പ് ചരിത്രത്തിൽ പൂജ്യം പോയന്റുമായി മടങ്ങിയ ഏറ്റവും മികച്ച ടീമുകൾ എന്ന പട്ടം ഇവർക്ക് കൊടുക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement