വീണ്ടും മോഹൻ ബഗാന് പരാജയം

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിൽ എ ടി കെ മോഹൻ ബഗാന് വീണ്ടും പരാജയം. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് ഏറ്റ വലിയ പരാജയം മറക്കാൻ വേണ്ടി ഇറങ്ങിയ മോഹൻ ബഗാൻ ഇന്ന് വീണ്ടും പരാജയപ്പെട്ടു. ജംഷദ്പൂർ ആണ് മോഹൻ ബഗാനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജംഷദ്പൂർ വിജയിച്ചത്. ആദ്യ പകുതിയിൽ 37ആം മിനുട്ടിൽ സെമിൻലെൻ ദുംഗൽ ആണ് ജംഷദ്പൂരിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാന് സമനില നേടാൻ അവസരം ഉണ്ടായി എങ്കിലും എലി സാബിയയുടെ ഗോൾ ലൈൻ സേവിൽ ജംഷദ്പൂർ രക്ഷപ്പെട്ടു.

രണ്ടാം പകുതിയിൽ 85ആം മിനുട്ടിൽ അലക്സ് ലിമയിലൂടെ ജംഷദ്പൂർ രണ്ടാം ഗോളും നേടി. 89ആം മിനുട്ടിൽ പ്രിതം കോടാലിലൂടെ എ ടി കെ ഒരു ഗോൾ മടക്കി. ആ ഗോൾ ഓഫ്സൈഡ് ആയിരുന്നു എന്ന് ജംഷദ്പൂർ താരങ്ങൾ വാദിച്ചു എങ്കിലും റഫറി ഗോൾ തന്നെ വിധിച്ചു. ഈ വിജയത്തോടെ 8 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ രണ്ടാമത് എത്തി. മോഹൻ ബഗാൻ ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്‌