മോഹഭംഗ ബഗാൻ!! ഐ എസ് എൽ സെമി ഫൈനലിൽ ഹൈദരബാദിന്റെ വമ്പൻ തിരിച്ചുവരവ്

ഐ എസ് എൽ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദം ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് ഗോവയിൽ വെച്ച് മോഹൻ ബഗാനെ നേരിട്ട ഹൈദരാബാദ് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് 3-1ന് വിജയിച്ച് കയറിയത്‌. ഇന്ന് തുടക്കത്തിൽ 18ആം മിനുട്ടിൽ ആയിരുന്നു ബഗാൻ ലീഡ് എടുത്തത്. ലിസ്റ്റൺ കൊളാസോ നൽകിയ മനോഹര പാസ് ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റോയ് കൃഷ്ണ വലയിൽ ആക്കി.

ഈ ഗോളിന് മറുപടി നൽകാൻ ആദ്യ പകുതിയുടെ അവസാനം ആകേണ്ടി വന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഒരു ഹെഡറിലൂടെ ഒഗ്ബെചെ സമനില ഗോൾ നേടി. താരത്തിന്റെ ഈ സീസണിലെ 18ആം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഹൈദരബാദ് ആക്രമണത്തിന്റെ മൂർച്ച കൂട്ടി.

58ആം മിനുട്ടിൽ യാസിറിന്റെ ഇടം കാലൻ ഷോട്ട് ഹൈദരബാദിനെ മുന്നിൽ എത്തിച്ചു. ഈ അവസരം സൃഷ്ടിച്ചത് ഒഗ്ബെചെ ആയിരുന്നു. ഈ ഗോളിനിടയിൽ ജിങ്കന്റെ ടാക്കിളിൽ തിരിക്ക് പരിക്കേറ്റത് എ ടി കെയുടെ കാര്യം പരുങ്ങലിലാക്കി. ഇതിനു പിന്നാലെ സിവേരിയീയിലൂടെ ഹൈദരാബാദ് മൂന്നാം ഗോളും നേടി. ഈ വിജയം ഹൈദരബാദിനെ ഫൈനലിലേക്ക് അടുപ്പിച്ചു. മാർച്ച് 16നാകും രണ്ടാം പാദ സെമി ഫൈനൽ നടക്കുക.