ആഷസിനിടെ വംശീയാധിക്ഷേപം നേരിട്ടു, ഒസാമ എന്ന് തന്നെ ഒരു ഓസ്ട്രേലിയന്‍ താരം വിളിച്ചു

2015 ആഷസ് പരമ്പരയ്ക്കിടെ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ താരം വംശീയാധിക്ഷേപം നടത്തിയെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. കാര്‍ഡിഫിലെ ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ 77 റണ്‍സും 5 വിക്കറ്റും നേടി മോയിന്‍ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 169 റണ്‍സിന്റെ വിജയം നേടിയിരുന്നു.

വ്യക്തിപരമായി എനിക്ക് മികച്ച ഒരു ആഷസ് പരമ്പരയായിരുന്നു 2015ലേത്. എന്നാല്‍ ഒരു സംഭവം തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്ന് താരത്തിന്റെ പേര് പറയാതെ മോയിന്‍ അലി തന്റെ ആത്മകഥയില്‍ ഇപ്രകാരം സൂചിപ്പിച്ചു. “ടേക്ക് ദാറ്റ്, ഒസാമ”യെന്ന് താരം തനിക്കെതിരെ പറഞ്ഞപ്പോള്‍ ഇത്രമേല്‍ ദേഷ്യം തനിക്ക് ക്രിക്കറ്റ് ഫീല്‍ഡില്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും മോയിന്‍ അലി പറയുന്നു.

ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഈ സംഭവം അന്നത്തെ ഓസ്ട്രേലിയന്‍ കോച്ചായിരുന്നു ഡാരെന്‍ ലേമാനോടും പറഞ്ഞിട്ടുണ്ട്. ലേമാന്‍ താരത്തിനോട് ഇത് ചോദിച്ചപ്പോള്‍ താരം നിഷേധിക്കുകയായിരുന്നു. താന്‍ പറഞ്ഞത് “ടേക്ക് ദാറ്റ്, യൂ പാര്‍ട്-ടൈമര്‍” എന്നാണെന്ന് പറഞ്ഞ് താരം കൈകഴുകുകയായിരുന്നുവെന്നും മോയിന്‍ അലി അന്നത്തെ സംഭവത്തെ ഓര്‍ത്ത് പറഞ്ഞു.

Exit mobile version