ഇരട്ട ഗോളുകളുടെ കൂട്ടുകെട്ട്!! മെസ്സി എമ്പപ്പെ താണ്ഡവത്തിൽ പി എസ് ജി ജയം

Newsroom

ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂജിന് മേൽ താണ്ഡവമാടി കൊണ്ട് പി എസ് ജി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്ന് പാരീസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പി എസ് ജി വിജയിച്ചത്. ഇരട്ട ഗോളുകളുമായി മെസ്സിയും എമ്പപ്പെയും ആണ് ഇന്ന് ബ്രൂജിന്റെ കഥ കഴിച്ചത്.

ഇന്ന് മത്സരം ആരംഭിച്ച് 6 മിനുട്ടുകൾക്ക് അകം തന്നെ എമ്പപ്പെ ബെൽജിയൻ ടീമിന്റെ വലയിൽ രണ്ട് ഗോളുകൾ എത്തിച്ചിരുന്നു. 2ആം മിനുട്ടിൽ ആയിരുന്നു എമ്പപ്പെയുടെ ആദ്യ ഗോൾ. പിന്നാലെ ഏഴാം മിനുട്ടിൽ ഡി മറിയയുടെ പാസിൽ നിന്നും എമ്പപ്പെ ഗോൾ നേടി.

പി എസ് ജിയുടെ മൂന്നാം ഗോൾ ഒരുക്കിയതും എമ്പപ്പെ ആയിരുന്നു. ഇടതുവിങ്ങിലൂടെ മുന്നേറി കൊണ്ട് എമ്പപ്പെ നൽകിയ പാസ് സ്വീകരിച്ച മെസ്സി പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഇടം കാലു കൊണ്ട് മനോഹരമായി പന്ത് വലയിൽ എത്തിച്ചു. മെസ്സിയുടെ പി എസ് ജിക്ക് ആയുള്ള അഞ്ചാം ഗോളായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗിലെ നാലാം ഗോളും.

രണ്ടാം പകുതിയിൽ വോർമറിലൂടെ ബ്രൂജെ ഒരു ഗോൾ മടക്കി എങ്കിലും ഒരു പെനാൾട്ടിയിലൂടെ മെസ്സി നാലാംഗോൾ നേടിയതോടെ ജയം പി എസ് ജിക്ക് ഉറപ്പായി.

ഈ വിജയത്തോടെ 11 പോയിന്റുമായി പി എസ് ജി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മാഞ്ചസ്റ്റർ സിറ്റി ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.