Site icon Fanport

ബാഴ്സലോണ ബോർഡിന് അവസാന മുന്നറിയിപ്പ് നൽകി മെസ്സി, ഉടൻ ക്ലബ് വിടും!?

ബാഴ്സലോണ ക്ലബിന്റെ കയ്യിൽ നിന്ന് കാര്യങ്ങൾ പോവുകയാണ്‌. താൻ ഉടൻ ക്ലബ് വിടും എന്നാണ് മെസ്സി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മെസ്സി ബോർഡിന് അവസാന മുന്നറിയിപ്പ് നൽകി കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണ വിടാൻ താൻ 2021വരെ കാത്തു നിൽക്കില്ല എന്നും ഈ സീസണിൽ തന്നെ ക്ലബ് വിട്ടേക്കും എന്നുമാണ് മെസ്സി ബോർഡിനെ അറിയിച്ചിരിക്കുന്നത്.

മെസ്സി ക്ലബിൽ ആകെ അഴിച്ചു പണിയാണ് ആവശ്യപ്പെടുന്നത്. താൻ ക്ലബിൽ തുടരണം എങ്കിൽ ഈ ടീം കിരീടങ്ങൾ നേടാൻ പ്രാപ്തിയുള്ളതായിരിക്കണം എന്ന് മെസ്സി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ബയേണെതിരായ 8-2ന്റെ പരാജയം ആണ് മെസ്സിയുടെ ക്ഷമ നശിപ്പിച്ചിരിക്കുന്നത്. ലയണൽ മെസ്സി ക്ലബിന്റെ പ്രവർത്തനങ്ങളിൽ അതീവ നിരാശയിലാണ്. ഇനിയും ക്ലബ് മാറാൻ തയ്യാറായില്ല എങ്കിൽ താൻ ക്ലബ് വിടും എന്നാണ് മെസ്സി ബോർഡിനോട് വ്യക്തമാക്കി. ക്ലബിൽ എല്ലാ മേഖലയിലും മാറ്റങ്ങളാണ് മെസ്സി ആവശ്യപ്പെടുന്നത്.

ആദ്യ മാറ്റം പരിശീലകനിൽ ആകും വേണ്ടത്. സെറ്റിയനെ ഉടൻ തന്നെ പുറത്താക്കണം എന്നതാണ് മെസ്സിയുടെ ആദ്യ ആവശ്യം. ഒപ്പം മികച്ച പരിശീലകനെ തന്നെക്കൊണ്ടു വരണം ബാഴ്സലോണയുടെ ശൈലിയിൽ കളിക്കാൻ പറ്റുന്ന പരിശീലകനെ തന്നെ എത്തിക്കണം എന്നും മെസ്സിക്ക് നിർബന്ധമുണ്ട്. ബാഴ്സ ഇപ്പോൾ ഡച്ച് ടീമിന്റെ പരിശീലകൻ കോമാനുമായും ഒപ്പം പോചടീനോയുമായും ചർച്ച നടത്തുന്നുണ്ട്. യുവതാരങ്ങളെ സൈൻ ചെയ്യാനും മെസ്സി ആവശ്യപ്പെടുന്നുണ്ട്. അവസാന കുറേ കാലമായുള്ള ബാഴ്സലോണയുടെ ട്രാൻസ്ഫറുകൾ ദയനീയമായിരുന്നു.

ഇതിന്റൊപ്പം ട്രാൻസ്ഫറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അബിദാൽ അടങ്ങുന്ന സംഘത്തെ പുറത്താക്കാനും മെസ്സി ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങൾ ഒക്കെ അംഗീകരിച്ചില്ല എങ്കിൽ ഇനിയും കാത്തു നിൽക്കാതെ മെസ്സി ക്ലബ് വിട്ടേക്കും. ക്ലബിന്റെ ബോർഡിനെതിരെയും മെസ്സി രംഗത്തുണ്ട്. ഇത്തവണ ഒരു കിരീടം പോലും നേടാതെയാണ് ബാഴ്സലോണ സീസൺ അവസാനിപ്പിച്ചത്.

Exit mobile version