ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ വനിത ടേബിള്‍ ടെന്നീസ് താരം

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തെത്തി തന്റെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കഴിഞ്ഞ മാസം 47ാം റാങ്കില്‍ എത്തിയ താരം ഇപ്പോള്‍ ഒരു റാങ്കാണ് മെച്ചപ്പെടുത്തിയത്. 6817 പോയിന്റോടെയാണ് ഇന്ത്യന്‍ താരം 46ാം സ്ഥാനത്തേക്ക് എത്തിയത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഒട്ടനവധി മെഡലുകള്‍ നേടിയ താരം കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് കാണുന്നത്.

അതേ സമയം പുരുഷ വിഭാഗത്തില്‍ സതിയന്‍ ജ്ഞാനശേഖരന്‍ 28ാം റാങ്കിലും ശരത് കമാല്‍ 33ാം റാങ്കിലും സ്ഥിതി ചെയ്യുന്നു. ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന റാങ്കായ ഇരുപത്തിയെട്ടാം റാങ്കിലേക്ക് സതിയന്‍ കഴിഞ്ഞ മാസമാണ് എത്തിയത്.