Picsart 23 08 01 10 29 43 575

ഔദ്യോഗിക പ്രഖ്യാപനം വന്നു!! മാനെ ഇനി അൽ നസറിനൊപ്പം

ബയേൺ മ്യൂണിക്ക് താരം സാഡിയോ മാനെയെ അൽ നസർ സ്വന്തമാക്കി. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസർ ഇതോടെ അതി ശക്തരായി. മാനെയെ സ്വന്തമാക്കാനായി 40 മില്യണോളം അൽ നസർ ബയേണു നൽകും. കഴിഞ്ഞ ദിവസം തന്നെ മാനെ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. ഉടൻ താരം ക്ലബിനൊപ്പം ചേരും. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്രൊസോവിച്, ഫൊഫന, ടെല്ലസ് എന്നിവരെയും അൽ നസർ സൈൻ ചെയ്തിരുന്നു.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയുടെ വരവ് അൽ നസറിനെ ശക്തരാകാൻ സഹായിക്കും. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം കൈവിട്ട അൽ നസർ ഇത്തവണ ലീഗ് സ്വന്തമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യത്തിലാണ് ടീം ഒരുക്കുന്നത്. ഇനിയും വലിയ സൈനിംഗുകൾ വരും ദിവസങ്ങളിൽ അൽ നസർ നടത്തും. സെപ്റ്റംബർ അവസാനം വരെ സൗദി അറേബ്യയിൽ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആണ്.

Exit mobile version