20220807 200646

തീയേറ്റർ ഓഫ് ഡ്രീംസിൽ ദുസ്വപ്നങ്ങൾ മാത്രം!! ആദ്യ മത്സരത്തിൽ ബ്രൈറ്റണ് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പ്രതീക്ഷ ഈ സീസണിൽ ഉണ്ടായിരിന്നു എങ്കിലും ആദ്യ മത്സരത്തിൽ തന്നെ അവർക്ക് കാലിടറിയിരിക്കുകയാണ്. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റണോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്.

എറിക് ടെൻ ഹാഗിന്റെ കീഴിൽ ഒരു സ്വപ്ന തുടക്കം പ്രതീക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കണ്ടത് ദുസ്വപ്നമായിരുന്നു. ഓൾഡ്ട്രാഫോർഡിൽ കഴിഞ്ഞ സീസണിൽ കണ്ട മോശം ഫുട്ബോളിന്റെ ആവർത്തനമാണ് ആദ്യ പകുതിയിൽ കണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ബ്രൈറ്റൺ അനായാസം യുണൈറ്റഡ് ഡിഫൻസിനെ കീഴ്പ്പെടുത്തി മുന്നേറി.

അവരുടെ നല്ല ഫുട്ബോളിന് 30ആം മിനുട്ടിൽ ആദ്യ ഫലം കിട്ടി‌. പാസ്കാൽ ഗ്രോസിന്റെ ഫിനിഷിൽ ബ്രൈറ്റൺ മുന്നിൽ എത്തുമ്പോൾ യുണൈറ്റഡ് ഡിഫൻസ് വെറുതെ നോക്കി നിൽക്കുക ആയിരുന്നു. ആ ഗോൾ യുണൈറ്റഡിന്റെ ആത്മവിശ്വാസം ചോർത്തി. 39ആം മിനുട്ടിൽ യുണൈറ്റഡ് ഡിഫൻസ് വീണ്ടും പൊട്ടി. ഗ്രോസിന്റെ രണ്ടാം ഫിനിഷ്. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടീൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിറകിൽ.

രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇറക്കി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 60ആം മിനുട്ടിൽ റൊണാൾഡോ ഒരു അവസരം സൃഷ്ടിച്ചു എങ്കിലും റാഷ്ഫോർഡിന് അത് മുതലെടുക്കാൻ ആയില്ല. 65ആം മിനുട്ടിൽ റാഷ്ഫോർഡ് ഒരു നല്ല അവസരം കൂടെ തുലച്ചു കളഞ്ഞു.

68ആം മിനുട്ടിൽ യുണൈറ്റഡിന് പ്രതീക്ഷ നൽകി കൊണ്ട് ഒരു സെറ്റ് പീസിൽ പന്ത് വലയിൽ എത്തി. ഡാലോട്ടിന്റെ ശ്രമം അവസാനം സെൽഫ് ഗോളായാണ് മാറിയത്. തുടർന്ന് സമനില ഗോളിനായുള്ള ശ്രമം ആയിരുന്നു. വാൻ ഡെ ബീക്, എറിക്സൺ, ബ്രൂണൊ, സാഞ്ചോ, റാഷ്ഫോർഡ്, റൊണാൾഡോ എന്നിവർ എല്ലാം ഒരുമിച്ച് കളത്തിൽ ഉണ്ടായിട്ടും ബ്രൈറ്റൺ ഡിഫൻസ് ബ്രേക്ക് ചെയ്യാൻ യുണൈറ്റഡ് പാടുപെട്ടു. 90ആം മിനുർറ്റിൽ ഗർനാചോ, എലാംഗ, മലാസിയ എന്നിവരെയും യുണൈറ്റഡ് ഇറക്കി‌. പക്ഷെ ഫലമുണ്ടായില്ല.

അവസാനം വരെ ജീവൻ കൊടുത്ത് ഡിഫൻഡ് ചെയ്ത ബ്രൈറ്റൺ അവർ അർഹിച്ച മൂന്ന് പോയിന്റുമായി മാഞ്ചസ്റ്ററിൽ നിന്ന് മടങ്ങി.

Story Highlight: Manchester United starts with a defeat against Brighton

Exit mobile version