Picsart 25 01 23 03 59 51 561

2 ഗോളിന് മുന്നിട്ടു നിന്ന ശേഷം വീണ്ടും തകർന്നടിഞ്ഞു മാഞ്ചസ്റ്റർ സിറ്റി

യുഫേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും തകർന്നടിഞ്ഞു മാഞ്ചസ്റ്റർ സിറ്റി. പി.എസ്.ജിക്ക് എതിരെ പാരീസിൽ ഏറ്റവും നിർണായകമായ മത്സരത്തിൽ 2 ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമാണ് അവർ 4-2 ന്റെ പരാജയം വഴങ്ങിയത്. നിലവിൽ ഗ്രൂപ്പിൽ 25 സ്ഥാനത്തുള്ള സിറ്റിക്ക് അവസാന പതിനാറിൽ എത്താനുള്ള പ്ലെ ഓഫ് കളിക്കാൻ ഇനി അവസാന മത്സരം ജയിക്കണം. അതേസമയം ജയത്തോടെ പി.എസ്.ജി 22 സ്ഥാനത്തേക്ക് മുന്നേറി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവിശ്വസനീയം ആയ രണ്ടാം പകുതി ആണ് പാരീസിൽ കണ്ടത്. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ജാക്ക് ഗ്രീലിഷിലൂടെയും 53 മത്തെ മിനിറ്റിൽ ഏർലിങ് ഹാളണ്ടിലൂടെയും സിറ്റി മത്സരത്തിൽ മുന്നിൽ എത്തി.

എന്നാൽ തുടർന്ന് അവിസ്മരണീയ തിരിച്ചു വരവ് നടത്തുന്ന പാരീസിനെ ആണ് കാണാൻ ആയത്. രണ്ടാം പകുതിയിൽ ഇറങ്ങിയ ഡെമ്പേല ബാർക്കോളയുടെ പാസിൽ നിന്നു 56 മത്തെ മിനിറ്റിൽ ഒരു ഗോൾ മടക്കി. തുടർന്ന് നാലു മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടത്തിയ ബാർക്കോള പി.എസ്.ജിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർച്ചയായി വിജയഗോളിന് ആയി പരിശ്രമിച്ച പി.എസ്.ജി 78 മത്തെ മിനിറ്റിൽ വിറ്റിനയുടെ ക്രോസിൽ നിന്നു ജാവോ നെവസ് നേടിയ ഹെഡറിൽ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തി. തുടർന്ന് ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗോൺസാലോ ഗോമസ് നേടിയ ഗോൾ പി.എസ്.ജി ജയം ഉറപ്പിച്ചു. ആദ്യം ഇത് ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഈ ഗോൾ അനുവദിക്കുക ആയിരുന്നു.

Exit mobile version