സിറ്റി പ്രതിരോധം തകർത്ത് മുൻ ലിവർപൂൾ താരം, ന്യൂകാസിലിൽ ചാംപ്യന്മാർക്ക് സമനില

ന്യൂ കാസിലിന് മുന്നിൽ വീണ്ടും പെപ് ഗാർഡിയോള മുട്ട് മടക്കി. ഇത്തവണ 2-2 ന്റെ സമനിലയാണ് സിറ്റി സെന്റ് ജെയിംസ് പാർക്കിൽ വഴങ്ങിയത്. ലോകോത്തരമായ 2 ഗോളുകൾ പിറന്ന മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകളാണ് അവർക്ക് വിനയായത്. ഇതോടെ ഒന്നാം സ്ഥനാകാരായ ലിവർപൂളുമായുള്ള വ്യത്യാസം 8 ആയി. ഇന്ന് ലിവർപൂൾ ജയിച്ചാൽ വ്യത്യാസം 11 പോയിന്റ് ആയി ഉയരും.

ആദ്യ പകുതിയിൽ ലീഡ് ആദ്യം എടുക്കാൻ സിറ്റിക്ക് സാധിച്ചെങ്കിലും അത് ഏറെ നേരം നില നിർത്താൻ അവർക്കായില്ല. കളിയുടെ 22 ആം മിനുട്ടിൽ ഡേവിഡ് സിൽവയുടെ പാസിൽ നിന്ന് റഹീം സ്റ്റെർലിങ് ആണ് ഗോൾ നേടിയത്. പക്ഷെ 3 മിനിട്ടുകൾക്ക് ശേഷം ജെട്രോ വില്ലിയംസിന്റെ മികച്ച ഫിനിഷിലൂടെ ന്യൂ കാസിൽ സ്കോർ സമനിലയിലാക്കി.

രണ്ടാം പകുതിയിൽ സിറ്റി തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ന്യൂ കാസിലിന്റെ മികച്ച പ്രതിരോധം അവർക്ക് തടസ്സമായി. ഇതിൽ 68 ആം മിനുട്ടിൽ ഗബ്രിയേൽ ജിസൂസിന് ലഭിച്ച മികച്ച അവസരവും പെടും. ഇതോടെ ഡേവിഡ് സിൽവ, മഹ്‌റസ് എന്നിവരെ പിൻവലിച്ച പെപ് ബെർനാടോ സിൽവ, ഫിൽ ഫോടൻ എന്നിവരെ ഇറക്കി. 82 ആം മിനുട്ടിൽ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളിലൂടെ ഡു ബ്രെയ്നെ സിറ്റിയെ മുന്നിൽ എത്തിച്ചെങ്കിലും ലീഡ് കാക്കാൻ സിറ്റി പ്രതിരോധം വീണ്ടും പരാജയപ്പെട്ടു. 88 ആം മിനുട്ടിൽ സിറ്റി പ്രതിരോധത്തെ നോക്കുകുത്തിയാക്കി മുൻ ലിവർപൂൾ താരം ജോഞ്ചോ ഷെൽവി പന്ത് വലയിലാക്കി. കിരീട പോരാട്ടത്തിൽ അങ്ങനെ സിറ്റി 8 പോയിന്റ് പിറകിൽ. ഇന്ന് ലിവർപൂൾ ജയിച്ചാൽ അവരുടെ ലീഡ് 11 ആയി ഉയരും.

Exit mobile version