Picsart 24 10 02 03 43 59 208

ചാമ്പ്യൻസ് ലീഗ്, വമ്പൻ ജയവുമായി ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയും

ചാമ്പ്യൻസ് ലീഗ് ലീഗ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയ ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ രണ്ടാം മത്സരത്തിൽ വമ്പൻ ജയം കുറിച്ചു. സ്ലൊവാക്യൻ ടീം സ്ലൊവൻ ബരിസ്റ്റെസ്ലാവയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. എതിരാളികളുടെ മൈതാനത്ത് പ്രതീക്ഷിച്ച പോലെ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം ആണ് കണ്ടത്. സിറ്റിക്ക് ആയി ഗുണ്ടോഗൻ ഗോൾ വേട്ട ആരംഭിച്ചപ്പോൾ ഫിൽ ഫോഡൻ, ഏർലിങ് ഹാളണ്ട്, പകരക്കാരനായി ഇറങ്ങിയ ജയിംസ് മകറ്റി എന്നിവർ ആണ് അവരുടെ ഗോൾ വേട്ട പൂർത്തിയാക്കിയത്.

അതേസമയം സാൻ സിറോയിൽ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രെഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഇന്റർ മിലാനും തകർത്തത്. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ എതിരാളികൾ അവസരം ഉണ്ടാക്കിയെങ്കിലും അവരെ ഗോൾ നേടാൻ ഇന്റർ പ്രതിരോധം അനുവദിച്ചില്ല. ആദ്യ പകുതിയിൽ ഹകന്റെ ഫ്രീകിക്കിൽ മുന്നിൽ എത്തിയ ഇന്റർ രണ്ടാം പകുതിയിൽ ആണ് മൂന്നു ഗോളുകൾ നേടിയത്. മാർക്കോ അർണോടോവിച്, ലൗടാരോ മാർട്ടിനസ് എന്നിവർ രണ്ടും മൂന്നും ഗോളുകൾ നേടിയപ്പോൾ പെനാൽട്ടി ഗോളിലൂടെ മെഹ്ദി തെരമിയാണ് ഇന്റർ മിലാൻ ഗോൾ വേട്ട പൂർത്തിയാക്കിയത്.

Exit mobile version