മാഡ്രിഡിൽ പുതിയ ചാമ്പ്യൻ, ലോക ടെന്നീസിൽ പുതിയ നക്ഷത്രം

2534a280e3878d784814399f15fb9168

മാഡ്രിഡ് ഓപ്പൺ ഇനി അറിയപ്പെടുക അൽക്കറാസിന്റെ പേരിൽ. ഇതിന് മുൻപ് ഒരിക്കലും ഒരു എടിപി 1000 മാസ്റ്റേഴ്സ് ടൂർണമെന്റിന് കിട്ടാത്ത പ്രാധാന്യമാണ് ഇന്നത്തെ മാഡ്രിഡ് ഓപ്പൺ ഫൈനൽസിന് ലഭിച്ചത് എന്നു നിസ്സംശയം പറയാം. അതും ടെന്നിസിലെ ത്രിമൂർത്തികളിൽ ആരും ഫൈനൽസിൽ കടക്കാതെ തന്നെ. ടൂർണമെന്റ് വേദിയായ കജാ മാജിക്കയുടെ പേര് അന്വർഥമാക്കി അത്ഭുതകരമായ ടെന്നീസ് കാഴ്ചവച്ചാണ് മാഡ്രിഡ് ഒരാഴ്ച കടന്നു പോയത്. അതിന് പ്രധാന കാരണക്കാരൻ തന്നെ ഇന്ന് ചാമ്പ്യൻ ആകുകയും ചെയ്തു.

Img 20220508 Wa0035

ഗെയിം തുടങ്ങിയപ്പോൾ ഒരു പത്തൊമ്പത്കാരന്റെ പരിഭ്രമം അൽക്കറാസിന്റെ മുഖത്ത് ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണ്. പക്ഷെ പിന്നീട്‌ 2 തവണ ചാമ്പ്യനായ സ്വരേവിന് ഒരു സാധ്യതയും നൽകാത്ത കളിയാണ് നദാലിന്റെ ഈ നാട്ടുകാരൻ പുറത്തെടുത്തത്.

ആദ്യ സെറ്റിൽ പ്രതീക്ഷിച്ച പോലെ അൽക്കറാസ് സ്വരേവിനെ ബ്രേക്ക് ചെയ്ത്. 2-2 ആയിരുന്നപ്പോൾ അൽക്കറാസ് ഒരു ബ്രേക്ക് പോയിന്റിൽ എത്തിയതാണ്, പക്ഷെ സ്വരേവ് ഒരു സെർവീസിലൂടെ തിരിച്ചു പിടിച്ചു. 4-2 ലാണ് ആദ്യ ബ്രേക്ക്, പിന്നീട് സെറ്റ് കൈയ്യടക്കാൻ അൽക്കറാസിന് അധികം സമയം വേണ്ടി വന്നില്ല. അൽക്കറാസിന്റെ കുറ്റങ്ങൾ ഒന്നും ഇല്ലാത്ത കളിക്കൊപ്പം നിൽക്കാൻ സ്വരേവ് എന്താണ് ചെയ്യേണ്ടത് എന്നു ആശ്ചര്യപ്പെടുന്ന കാഴ്ചയാണ് കോർട്ടിൽ കണ്ടത്. മുപ്പത്തിയൊന്ന് മിനിറ്റുകൾ കൊണ്ടു സെറ്റ് അൽക്കറാസ് കൈക്കലാക്കി (6-3).

രണ്ടാം സെറ്റിൽ 2-1ൽ തന്നെ അൽക്കറാസ് ബ്രേക്ക് ചെയ്തു തുടങ്ങി. പിന്നീട് അങ്ങോട്ട് സ്വരേവ് ഉത്തരം മുട്ടുന്ന കാഴ്ചയാണ് നാം കണ്ടത്. പ്രഷർ കൂടി കൂടി അണ്ഫോർസ്ഡ് എററുകളുടെ വേലിയേറ്റമായിരുന്നു സ്വരേവിന്റെ കളി മുഴുവൻ. ഇത്തവണ സെറ്റ് നേടാൻ അൽക്കറാസിന് (6-1) നേരത്തെത്തെക്കാൾ കുറച്ചു സമായമേ വേണ്ടി വന്നുള്ളൂ. സെമിയിൽ ജോക്കോയെ തോൽപ്പിക്കാൻ 3 മണിക്കൂർ എടുത്ത ഈ പത്തൊമ്പത്കാരൻ, വെറും ഒരു മണിക്കൂറിൽ താഴെ മാത്രമാണ് ഇന്ന് കോർട്ടിൽ ചിലവഴിച്ചത്. മാഡ്രിഡിൽ ഫാറ്റ് ലേഡിയുടെ പാട്ടിനായി കാത്തിരിക്കേണ്ടി വന്നില്ല, പുതിയൊരു ചാമ്പ്യൻ പിറന്നിരിക്കുന്നു.

Ms4v6p88 Carlos Alcaraz Afp 625x300 08 May 22

ഇതിന് മുൻപ് രണ്ടു തവണ നേരിട്ടപ്പോഴും സ്വരേവ് അൽക്കറാസിനെ നിസ്സാര സ്കോറുകൾക്കാണ് തോൽപ്പിച്ചത്, അതും 2021ൽ. പക്ഷെ അങ്ങനെയൊരു ചരിത്രം ഇനിയാരും ഓർക്കില്ല. ടെന്നീസ് കോർട്ടുകളിൽ റെക്കോർഡുകൾ മാറ്റി എഴുതനായി അൽക്കറാസ് തയ്യാറായി കഴിഞ്ഞു. വിദഗ്ധർക്ക് ഒരു തെറ്റ് പോലും ചൂണ്ടി കാണിക്കാൻ സാധിക്കാത്ത കളിയായിരുന്നു ഈ ചെറുപ്പക്കാരന്റേത്. കഴിഞ്ഞ യുഎസ് ഓപ്പണിൽ ക്വാർട്ടറിൽ എത്തി വരവ് അറിയിച്ച ഈ ജന്റിൽമാൻ കളിക്കാരൻ, ഇനി ഗ്രാൻഡ്സ്ലാം ഫൈനലുകളിൽ ഒരു സ്ഥിര കാഴ്ചയാകും എന്ന് ഉറപ്പ്. മാഡ്രിഡിൽ പുതിയ നക്ഷത്രം ഉദിച്ചിരിക്കുന്നു എന്നു നമുക്ക് നിസ്സംശയം പറയാം.