ലുകാകു തുടങ്ങി, ഗംഭീരമായി തന്നെ!!

- Advertisement -

ബെൽജിയം ഇന്ന് പനാമയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചപ്പോൾ താരമായത് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ലുകാക്കു ആയിരുന്നു. മത്സരത്തിൽ മൂന്നിൽ രണ്ട് ഗോളുകളും ലുകാകുവാണ് നേടിയത്. ഈ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നടത്തിയ ഗോൾവേട്ടയുടെ തുടർച്ച മാത്രമാണ് ലുകാക്കുവിന് ഇത്. അറ്റാക്കിംഗിന് പേരു കേൾക്കാത്ത ഹോസെ മൗറീനോയുടെ ടീമിൽ നിന്ന് ഇത്രയും ഗോളുകൾ നേടിയ ലുകാക്കു ബെൽജിയത്തിൽ എത്തുമ്പോൾ ഗോളുകൾ വാരിക്കൂട്ടുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു.

അവസരങ്ങൾ ഉണ്ടാക്കുന്നതിൽ പേരുകേട്ട ഹസാർഡും, ഡി ബ്ര്യുയിനും മെർടെൻസുമൊക്കെയാണ് ലുകാകുവിന്റെ പിറകിൽ കളിക്കുന്നത് എന്നത് തന്നെ ആയിരുന്നു ഇതിന് കാരണം. ഇന്നത്തെ മത്സരത്തിൽ ലുകാകുവിന്റെ ആദ്യ ഗോൾ അസിസ്റ്റ് ചെയ്തത് ഡിബ്രുയിനും രണ്ടാം ഗോൾ അസിസ്റ്റ് ചെയ്തത് ഹസാർഡും ആയിരുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ ബെൽജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ ആണ് ലുകാകു.

ബെൽജിയത്തിന്റെ അവസാന 10 മത്സരങ്ങളിൽ ഒമ്പതിലും ലുകാകു ഗോൾ സ്കോർ ചെയ്തിട്ടുണ്ട്. ഈ 10 മത്സരങ്ങളിൽ നിന്നായി 15 ഗോളുകളാണ് ലുകാകു അടിച്ചു കൂട്ടിയത്. ഈ ലോകകപ്പിൽ ഗോൾഡൻ ബൂട്ടുമായി ലുകാകു മടങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement