മനോഹര ഗോളുകളുടെ ബലത്തിൽ ലുകാ സോക്കർ ക്ലബിന് വിജയം

കേരള പ്രീമിയർ ലീഗിൽ ലുക സോക്കർ ക്ലബിന് ഗംഭീര വിജയം. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ എഫ് സി കേരളയെ ആണ് ലുക ക്ലബ് പരാജയപ്പെടുത്തിയത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലുകയുടെ വിജയം. രണ്ട് മനോഹര ഗോളുകൾ ആണ് ഇന്ന് തൃശ്ശൂർ സ്റ്റേഡിയത്തിൽ പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇടതു വിങ്ങിൽ നിന്ന് ഫവാസ് നൽകിയ ക്രോസിൽ നിന്ന് ഒരു വോളിയിലൂടെ അബൂബക്കർ സിദ്ദീഖ് ആണ് ലുകയ്ക്ക് ആദ്യം ലീഡ് നൽകിയത്. ആ ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ലുക ക്ലബ് 85ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി. ക്യാപ്റ്റൻ ബാല അൽഹസൻ എടുത്ത ഫ്രീകിക്ക് വളഞ്ഞ് ഒരു മഴവില്ല് പോലെ വലയിലേക്ക് കയറുകയായിരുന്നു.

കളിയുടെ അവസാന നിമിഷത്തിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് മുഹമ്മദ് അക്ബർ ലുകയുടെ മൂന്നം ഗോളും നേടി. ലുക അടുത്ത മത്സരത്തിൽ സാറ്റ് തിരൂരിനെയും എഫ് സി കേരള അടുത്ത മത്സരത്തിൽ ഗോകുലം കേരളയെയും നേരിടും.

Exit mobile version