ഇത് സ്ലിപ്പാവുന്ന ലിവർപൂളല്ല, പറക്കുന്ന ലിവർപൂൾ!!! ചെൽസിയെ തച്ചുടച്ച് ലീഗിൽ ഒന്നാമത്!!!

ഇന്ന് ചെൽസിയെ നേരിടുമ്പോൾ ലിവർപൂളിനെ എല്ലാവരും കളിയാക്കിയത് പണ്ട് ഒരു ഏപ്രിലിൽ സ്റ്റീവൻ ജെറാഡ് സ്ലിപ്പായ കളി ഓർമ്മിപ്പിച്ചായിരുന്നു. അന്ന് കിരീടം ഉറച്ചു എന്ന് കരുതി ചെൽസിയെ നേരിട്ട ലിവർപൂൾ ജെറാഡിന്റെ സ്ലിപ്പ് കാരണം ഗോൾ വഴങ്ങുകയും തോൽക്കുകയും കിരീടം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ആ കാലമൊക്കെ കഴിഞ്ഞു എന്ന് അടിവരയിടുന്ന പ്രകടനമാണ് ഇന്ന് ആൻഫീൽഡിൽ കണ്ടത്. മാഞ്ചസ്റ്റർ സിറ്റി ഇന്ന് വൈകിട്ട് നടന്ന മത്സരം വിജയിച്ചതിനാൽ എന്തു കൊണ്ടും ലിവർപൂളിന് ജയിക്കേണ്ടതുണ്ടായിരുന്നു.

കളിയുടെ തുടക്കം മുതൽ ആക്രമണം നടത്തിയത് ലിവർപൂൾ തന്നെ ആയിരുന്നു എങ്കിലും ചെൽസി ഡിഫൻസ് ലിവർപൂളിന് അധികം അവസരങ്ങൾ കൊടുക്കാതെ പിടിച്ചു നിന്നു. ആദ്യ പകുതിയിൽ മാനെയ്ക്കും സലായ്ക്കും മികച്ച അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോളാക്കാൻ ആയില്ല. നഷ്ടമാക്കിയ ഈ അവസരങ്ങൾക്ക് രണ്ടാം പകുതിയിൽ ഈ താരങ്ങൾ പ്രായശ്ചിത്തം ചെയ്തു. ആദ്യം മാനെയാണ് ചെൽസിയുടെ വല കുലുക്കിയത്.

ഹെൻഡേഴ്സൺ ചെൽസിയുടെ ബോക്സിൽ നിന്ന് പന്ത് എടുത്ത് നൽകിയ ചിപ് ക്രോസ് ഹെഡ് ചെയ്ത് മാനെ വലയിൽ എത്തിച്ചു. ആ ആഹ്ലാദം അടങ്ങും മുമ്പ് തന്നെ ലിവർപൂളിന്റെ രണ്ടാം ഗോൾ വന്നു. ഈ സീസണിലെ തന്നെ മികച്ച ഗോൾ എന്ന് വിലയിരുത്തപ്പെടാൻ പാകത്തിലുള്ള സലായുടെ ഇടം കാലൻ സ്ട്രൈക്ക്. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത സലായുടെ ആ ഷോട്ട് തടയാൻ കെപയ്ക്ക് ആകുമായിരുന്നില്ല.

രണ്ട് ഗോളിന് പിറകിൽ പോയ ശേഷം രണ്ട് മികച്ച അവസരങ്ങൾ ഹസാർഡിന് കിട്ടി എങ്കിലും രണ്ട് അവസരങ്ങളും മുതലാക്കാൻ ചെൽസിയുടെ നമ്പർ 10ന് ആയില്ല. ഇതോടെ 2-0ന്റെ വിജയം ലിവർപൂൾ ഉറപ്പിച്ചു. ഈ വിജയത്തോടെ ലിവർപൂൾ 85 പോയന്റുമായി ലീഗിൽ ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിക്ക് 83 പോയന്റാണ് ഉള്ളത്. എന്നാൽ സിറ്റിക്ക് കടുപ്പപ്പെട്ട ഫിക്സ്ചറുകളാണ് ഉള്ളത് എന്നതിനാൽ കിരീട പ്രതീക്ഷ കൂടുതൽ ലിവർപൂളിനാണ് എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. മറുവശത്ത് ഇന്നത്തെ പരാജയം ചെൽസിയുടെ ടോപ്പ് 4 പ്രതീക്ഷകൾക്ക് വൻ തിരിച്ചടി ആകും.

Exit mobile version