Site icon Fanport

ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന് ഇനി വെറും 2 ജയത്തിന്റെ ദൂരം

ലിവർപൂളിന്റെ 30 വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനമാവുകയാണ്. ഒരു പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് ഇനി അവർക്കുള്ള ദൂരം വെറും ആറു പോയന്റാണ്. രണ്ട് ജയങ്ങൾ. ഇന്നലെ മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടതോടെയാണ് കിരീടം വീണ്ടും ലിവർപൂളിനോട് അടുത്തത്. 28 മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയന്റാണ് ഇപ്പോൾ ഉള്ളത്. ഇനി ശേഷിക്കുന്ന മത്സരങ്ങൾ മുഴുവൻ സിറ്റി വിജയിച്ചാലും ആകെ ആവുക 87 പോയന്റാണ്.

ഒന്നാമത് നിൽക്കുന്ന ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്ന് ഇപ്പോൾ 82 പോയന്റുണ്ട്. ഇനി അവശേഷിക്കുന്ന 9 മത്സരങ്ങളിൽ വെറും രണ്ട് മത്സരം ജയിച്ചാൽ കിരീടം ആൻഫീൽഡിലേക്ക് എടുക്കാം. ലിവർപൂളിന്റെ അടുത്ത ലീഗ് മത്സരത്തിനു മുമ്പ് സിറ്റിക്ക് ആഴ്സണലിനെയും ബേർൺലിയെയും ലീഗിൽ നേരിടാൻ ഉണ്ട്‌. സിറ്റി ഈ രണ്ട് മത്സരങ്ങളിൽ പോയന്റ് നഷ്ടപ്പെടുത്തുക ആണെങ്കിൽ ലിവർപൂളിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

ക്രിസ്റ്റൽ പാലസും എവർട്ടണുമാണ് ലിവർപൂളിന്റെ അടുത്ത എതിരാളികൾ. ഈ മത്സരങ്ങൾ ജയിച്ച് വീണ്ടും ഇംഗ്ലണ്ട് ഫുട്ബോളിന്റെ തലപ്പത്തേക്ക് അടുക്കുക ആകും ലിവർപൂളിന്റെ ലക്ഷ്യം. ആദ്യ പ്രീമിയർ ലീഗ് കിരീടമാണെങ്കിലും ലിവർപൂളിന് ഇത് ചരിത്രത്തിൽ 19ആം ലീഗ് കിരീടമാകും. 20 ലീഗ് കിരീടങ്ങളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടു പിറകിൽ എത്താൻ ഇതുകൊണ്ട് ലിവർപൂളിന് സാധിക്കും.

Exit mobile version