മിസ്റ്റർ ഹാളണ്ട്, വെൽക്കം ടു ആൻഫീൽഡ്! ഹാളണ്ടിനെയും സിറ്റിയെയും തടഞ്ഞു സലായുടെ ഗോളിൽ ജയം കണ്ടു ലിവർപൂൾ

Wasim Akram

20221016 230505
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏവരും കാത്തിരുന്ന വമ്പൻ പോരാട്ടത്തിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു ലിവർപൂൾ. സീസണിൽ മാഞ്ചസ്റ്റർ സിറ്റി വഴങ്ങുന്ന ആദ്യ പരാജയം ആണ് ഇത്. പ്രതീക്ഷിച്ച പോലെ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് പന്ത് കൈവശം വക്കുന്നതിൽ കൂടുതൽ ആധിപത്യം പുലർത്തിയത്. എന്നാൽ ഗോൾ അടിച്ചു കൂട്ടുന്ന ഏർലിംഗ് ഹാളണ്ടിനോ സിറ്റിക്കോ ആലിസണിനെ വലുതായി പരീക്ഷിക്കാൻ ആയില്ല. ആൻഫീൽഡിലെ ആരാധകർക്ക് മുന്നിൽ തങ്ങൾ തന്നെ രാജാക്കന്മാർ എന്നു ഒരിക്കൽ കൂടി ലിവർപൂൾ അടിവരയിട്ടു പറഞ്ഞു.

ലിവർപൂൾ

ഇടക്ക് സിറ്റി സൃഷ്ടിച്ച അവസരങ്ങൾ ആലിസൺ അനായാസം തടഞ്ഞു. ഹാളണ്ടിന്റെ മികച്ച ഷോട്ടും ബ്രസീലിയൻ ഗോൾ കീപ്പർ തടഞ്ഞിട്ടു. 54 മത്തെ മിനിറ്റിൽ ഫിൽ ഫോഡൻ ഗോൾ കണ്ടത്തിയെങ്കിലും ഇതിനു മുമ്പ് ഹാളണ്ട് ഫബീന്യോയെ ഫൗൾ ചെയ്തത് കണ്ടത്തിയ വാർ ഗോൾ അനുവദിച്ചില്ല. ഇടക്ക് ലഭിച്ച മികച്ച അവസരം മുതലാക്കാൻ മുഹമ്മദ് സലാഹിനും ആയില്ല. സലാഹിന്റെ മികച്ച ക്രോസിൽ നിന്നു ജോട്ടോ ഉതിർത്ത ഹെഡർ ബാറിൽ തട്ടി മടങ്ങിയതും ലിവർപൂളിന് തിരിച്ചടിയായി. മത്സരത്തിൽ 76 മത്തെ മിനിറ്റിൽ ആണ് വമ്പൻ ട്വിസ്റ്റ് വന്നത്. ആലിസണിന്റെ ക്ലിയറൻസ് പിടിച്ചെടുത്ത സലാഹ് അവസാന പ്രതിരോധ താരമായ കാൻസെലോയെ മറികടന്നു പന്തുമായി ഗോളിലേക്ക് കുതിച്ചു.

ലിവർപൂൾ

അനായാസം എഡേർസണിനെ മറികടന്ന സലാഹ് ഒരിക്കൽ കൂടി ലിവർപൂളിന് ജയം സമ്മാനിച്ചു. ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിക്കാനുള്ള സിറ്റി ശ്രമങ്ങൾ വിജയം കണ്ടില്ല. ഇടക്ക് സൈഡ് ലൈൻ റഫറിയും ആയി രൂക്ഷമായ ഭാഷയിൽ തർക്കിച്ച ക്ലോപ്പിന് നേരെ റഫറി ചുവപ്പ് കാർഡും വീശി. അവസാനം 100 മിനിറ്റുകൾക്ക് ശേഷം ലിവർപൂൾ ജയം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. കഴിഞ്ഞ ആഴ്ച ആഴ്‌സണലിനോട് തോറ്റ ലിവർപൂൾ കിരീടപോരാട്ടത്തിൽ തങ്ങൾ ഉണ്ടെന്നു ഇന്ന് വിളിച്ചു പറയുക ആയിരുന്നു. വാൻ ഡെയ്‌ക്കും സംഘവും ഹാളണ്ടിനെ ഗോൾ അടിക്കാതെ തടഞ്ഞത് തന്നെയാണ് ലിവർപൂൾ ജയത്തിൽ നിർണായകമായത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാമത് തുടരുമ്പോൾ ലിവർപൂൾ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.